കല്‍പ്പറ്റ : വയനാട് ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സി-മാള്‍ സൂപ്പര്‍മാര്‍ക്കറ്റ് എമിലി റോഡില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്രവര്‍ത്തനം തുടങ്ങി. ഓരോ ഉത്പ്പന്നത്തിനും സൂപ്പര്‍മാര്‍ക്കറ്റിലും പൊതുവിപണിയിലും ഉള്ളതിനേക്കാള്‍ വിലകുറവ്. പലവ്യഞ്ജനങ്ങ ള്‍, പച്ചക്കറികള്‍, വസ്ത്രങ്ങ ള്‍, ബേക്കറി ഇങ്ങനെ നീളുന്നതാണ് സി-മാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നങ്ങുടെനിര. ബേക്കറി സാധനങ്ങള്‍ സൊസൈറ്റി സ്വന്തമായി ഉല്പാദിപ്പിക്കുന്നതാണെന്ന പ്രത്യേതകയും ഉണ്ട്.
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം മൂലം വീര്‍പ്പുമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന വിധത്തില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതെന്ന് സൊസൈറ്റി പ്രസിഡന്റ് എം.വേലായുധന് പറഞ്ഞു. പൊതുവിപണിയില്‍ കിലോഗ്രാമിനു 32 രൂപ വിലയുള്ള കുറുവ അരി സി-മാളില്‍ 26.5 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിപണിയില്‍ കിലോയ്ക്ക് 36 രൂപ വിലയുള്ള ജയ അരി 6.5 രൂപ വിലക്കുറവില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും. പരിപ്പ്, ചെറുപയര്‍, പഞ്ചസാര, വലിയ ഉള്ളി എന്നിവയ്ക്ക് കിലോഗ്രാമിന് യഥാക്രമം 116, 75, 36, 16 രൂപയാണ് സി-മാളില്‍ വില. ഇവയ്ക്ക് പൊതുവിപണിയില്‍ യഥാക്രമം 130, 95, 42, 18 രൂപ വിലയുണ്ട്. സി-മാളിലെ മുഴുവന്‍ ബ്രാന്‍ഡഡ് ഉല്പന്നങ്ങളും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ പരമാവധി വില്പന വിലയേക്കാള്‍ കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നഗരത്തിലെ പേരെടുത്ത വസ്ത്രാലയങ്ങള്‍ 1500 രൂപ വില ഈടാക്കുന്ന സാരി 650 രൂപയ്ക്ക് സി-മാളില്‍ ലഭ്യമാണ്. റെഡിമെയ്ഡ് ജീന്‍സും ഷര്‍ട്ടും അടക്കം എല്ലായിനം വസ്ത്രങ്ങളിലും വിലയിലെ അന്തരം ഉപഭോക്താക്കള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും-വേലായുധന് പറഞ്ഞു. സി-മാളിലേക്കുള്ള സാധനങ്ങളില്‍ ഏറെയും ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉല്‍പാദനകേന്ദ്രങ്ങളില്‍നിന്ന് നേരിട്ടാണ് വാങ്ങുന്നത്. വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഗുണനിലവാരമുള്ള സാധനങ്ങളുടെ തെരഞ്ഞെടുപ്പ്.സൊസൈറ്റിയുടെ ഏജന്റുമാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കര്‍ഷക കുടുംബങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നു ശേഖരിക്കുന്ന പച്ചക്കറികളാണ് സി-മാളില്‍ വില്‍ക്കുന്നത്. മീനങ്ങാടി ബ്രഹ്മഗിരി സൊസൈറ്റിയുടെ മലബാര്‍ മീറ്റ് ഉല്പന്നങ്ങളും സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്.
നേരിയ ലാഭം മാത്രം എടുത്താണ് സി-മാളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് വൈസ് പ്രസിഡന്റ് കെ.പി.ബഷീര്‍, സെക്രട്ടറി കെ.ടി.ജോഷി എന്നിവര്‍ പറഞ്ഞു.
സി-മാള്‍ വളപ്പിലാണ് സൊസൈറ്റിയുടെ ബേക്കറി. അഞ്ച് ലക്ഷം രൂപ അടങ്കലിലാണിത് സ്ഥാപിച്ചത്. വിവിധയിനം കെയ്ക്ക്, ബിസ്കറ്റ്, റൊട്ടി, മിക്സ്ചര്‍ തുടങ്ങിയവ ബേക്കറിയില്‍ ഉല്പാദിപ്പിച്ച് സി-മാളില്‍ പ്രത്യേകഭാഗം ഒരുക്കി വില്പനയ്ക്ക് വച്ചിട്ടുണ്ട്. ഉല്പാദനം സ്വന്തം ബേക്കറിയില്‍ ആയതിനാല്‍ രുചികരമായ വിഭവങ്ങള്‍ കാര്യമായ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയുന്നുണ്ടെന്ന് ഡയറ്കടര്‍മാരായ കെ.റഫീഖ്, പി.എസ്.സാബു, ശ്രീജ സുരേഷ്, ജി.ആര്.അജയന് എന്നിവര്‍ പറഞ്ഞു. നിലവില്‍ സി-മാളിലൂടെ 12 പേര്‍ക്ക് നേരിട്ടും 30 ഓളം പേര്‍ക്ക് പരോക്ഷമായും ജോലി നല്കാന് കഴിഞ്ഞതായി സൂപ്പര്‍മാര്‍ക്കറ്റിന്റെ ദൈനംദിന ചുമതലയുള്ള കെ.എം.ഫ്രാന്‍സിസ് പറഞ്ഞു.
സി-മാള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ വീട്ടമ്മമാരൂടെ പ്രിയകേന്ദ്രമായി മാറിയത് സൊസൈറ്റി പ്രവര്‍ത്തകരെ ആഹഌദത്തിലാക്കിയിട്ടുണ്ട്. വൈകാതെ ബത്തേരിയിലും മാനന്തവാടിയിലും സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനാണ് സൊസൈറ്റിയുടെ തീരുമാനമെന്ന് പ്രസിഡന്റ് പറഞ്ഞു. കല്പറ്റയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പാദരക്ഷകള്‍, പച്ചമത്സ്യം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്. സ്കൂള്‍, ഹോസ്റ്റല്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ മൊത്തവിലയ്ക്ക് ലഭ്യമാക്കാനാണ് സൊസൈറ്റി തീരുമാനം. ഹോം ഡെലിവറിക്കും സംവിധാനം ഒരുക്കുന്നുണ്ട്.
കല്പറ്റ ആസ്ഥാനമായി 11 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയതാണ് ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഡ്രൈവിംഗ് ഉപജീവനമാര്‍ഗമാക്കിയവര്‍ക്ക് വാഹനവായ്പ ലഭ്യമാക്കുകയെന്ന മുഖ്യലക്ഷ്യത്തോടെയായിരുന്നു രൂപീകരണം. നിലവില്‍ 2800 എ ക്ലാസ് മെമ്പര്‍മാരടക്കം നാലായിരത്തിലധികം പേര് സംഘത്തിന്റെ ഭാഗമാണ്. ഇതിനകം 18 കോടി രൂപ വാഹന വായ്പ അനവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: