പത്തനംതിട്ട: ശബരിമലയിലെ തൊഴില്‍ തര്‍ക്കവും തൊഴിലാളികളുടെ സമരവും തുടരുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് ഭക്ഷണ സാധനങ്ങളളുടേതടക്കം വില വര്‍ദ്ധിക്കും. ഓണാഘോഷങ്ങള്‍ക്കായി ഇന്നലെ ശബരീശ സന്നിധി തുറന്നതുമുതല്‍ അന്യസംസ്ഥാനക്കാരടക്കം ധാരാളം ഭക്തജനങ്ങളും ദര്‍ശനത്തിനായി എത്തുന്നുണ്ട്.ട്രാക്ടറുകള്‍ ഓട്ടം നിര്‍ത്തിവെച്ചതോടെ പൂജാസാധനങ്ങളടക്കം സന്നിധാനത്ത് എത്തിക്കാന്‍ കഴിയാത്തത് വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടാകുന്നത്. പലതവണ ജില്ലാ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗവും തീരുമാനമാകാതെ പിരിഞ്ഞതോടെ സന്നിധാനത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ഉറപ്പായി.
15മുതല്‍ തങ്ങള്‍ സാധനങ്ങളുമായി പമ്പയില്‍ നിന്നു സന്നിധാനത്തേക്കു ട്രാക്ടറുകള്‍ ഓടിക്കുമെന്ന് ഉടമകള്‍ അറിയിച്ചു. ഇതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിനും ജില്ലാകളക്ടര്‍ക്കും പൊലീസ് ചീഫിനും നിവേദനം നല്കി.
ട്രാക്ടര്‍ ഉടമകള്‍ക്കെതിരെ 17ന് നിലയ്ക്കല്‍, അട്ടത്തോട് മേഖലകളില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഇതിനിടെ, ദേവസ്വം ബോര്‍ഡിന് ആവശ്യമായ സാധനങ്ങള്‍ ബോര്‍ഡിന്റെ സ്വന്തം ട്രാക്ടറുകളില്‍ സന്നിധാനത്ത് എത്തിച്ചു തുടങ്ങി. ബോര്‍ഡിന്റെ സ്ഥിരം ട്രാക്ടര്‍ ജീവനക്കാരും പലവക തൊഴിലാളികളുമാണ് കയറ്റിറക്കിനുള്ളത്. അന്നദാനത്തിനുള്ള സാധനങ്ങളും പൂജാ ദ്രവ്യങ്ങളുമാണ് ദേവസ്വം ട്രാക്ടറുകളില്‍ സന്നിധാനത്ത് എത്തിക്കുന്നത്.
ശബരിമലയിലെ പൂജകളും ഉത്രാട, തിരുവോണ സദ്യകളും തടസമില്ലാതെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: