ഓണം കേരളീയരുടെ ദേശീയോത്സവമാണെന്ന് പണ്ടുമുതലേ പറഞ്ഞുകേട്ടിട്ടുള്ളതാണെങ്കിലും അനുഭവം മറിച്ചായിരുന്നു. മുസ്ലിം കുടുംബമായിരുന്നു. പക്ഷെ, വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന് കുട്ടികള്‍ക്ക് അനുവാദമില്ലായിരുന്നു. ഓണാവധിക്ക് സ്കൂള്‍ പൂട്ടിയാല്‍ കൂട്ടുകാര്‍ തൊടിയിലും വയലിലും ഇടവഴികളിലും പൂവിളികളുമായി ആര്‍ത്തട്ടഹസിക്കുമായിരുന്നു. പൂക്കൊട്ടയില്‍ നിറയെ തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും കോളാമ്പിപ്പൂവും അരിപ്പൂവും ശേഖരിച്ച് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുമ്പോള്‍ എന്റെയുള്ളിലും പൂക്കളമിടാനുള്ള മോഹം മുളപൊട്ടും.
വീടിന്റെ തൊടിയില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന പലതരത്തിലും നിറത്തിലുമുള്ള പൂക്കള്‍ പറിച്ച്, കൂട്ടുകാരെ അനുകരിച്ച് വീട്ടുമുറ്റത്ത് പൂക്കളമിടാന്‍ തുനിഞ്ഞെങ്കിലും അതെല്ലാം ഹിന്ദുക്കളുടെ ആചാരമാണ്, നമുക്കത് ഹറാമാണെന്നുമുള്ള ഉപദേശമാണ് മുതിര്‍ന്നവരില്‍ നിന്ന് ലഭിച്ചത്.
മാവേലിയും വാമനനും തൃക്കാക്കരയപ്പനും ഹൈന്ദവ പ്രതീകങ്ങളായാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം ആഘോഷങ്ങള്‍ താരതമ്യേന പുരോഗമനവാദികളെന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളുടെ വീടുകളിലും ആഘോഷിച്ചിരുന്നില്ല. മതവിശ്വാസികളായ മുസ്ലിങ്ങള്‍ക്ക് ബാധകമായ കാര്യമാണിവിടെ സൂചിപ്പിക്കുന്നത്. കെഇഎന്നിനേയും ഹമീദ് ചേന്ദമംഗലൂരിനെയും എന്നെയും പോലുള്ളവര്‍ക്ക് ഇപ്പറഞ്ഞതൊന്നും ബാധകമല്ല എന്ന് ചുരുക്കം.
പൂക്കളമിടാനും ഓണസദ്യയുണ്ണാനും ഓണക്കോടിയുടുക്കാനുമൊക്കെയുള്ള ബാല്യത്തിലെ ആഗ്രഹം അവശേഷിക്കുന്നു.
മതാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാതെ ജീവിക്കുന്ന എനിക്ക്, ഇന്നെന്റെ കുട്ടികള്‍ പൂവിടുന്നതിലും ഓണമാഘോഷിക്കുന്നതിലും വിരോധമില്ല. അവര്‍ അങ്ങനെതന്നെ വളരണമെന്നാണ് ആഗ്രഹം. മതത്തിന്റെ പേരില്‍ തിരിച്ചറിയപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധിയാണ് അവര്‍ക്ക് മതാതീതമായ പേരുകളിടാന്‍ പ്രേരിപ്പിച്ചത്. ഇന്ന് കുട്ടികള്‍ക്ക് പൂക്കളിലും ചിത്രശലഭങ്ങളിലും കളിയിലും ആഷോഘങ്ങളിലും താല്പര്യമില്ല. ആഘോഷങ്ങള്‍ ഭക്ഷണത്തിന്റെ വൈവിധ്യത്തിലും ഔട്ടിങ്ങിലും സൈബര്‍ രതികളിലുമൊക്കെയായി മാറിപ്പോയിരിക്കുന്നു.
സാഹചര്യങ്ങള്‍ അനുകൂലമായിട്ടും കുട്ടിക്കാലത്തെപ്പോലെ ഓണം കൊണ്ടാടാനുള്ള സാഹചര്യം ഇല്ലെന്നത് വസ്തുത. മറ്റേതു മലയാളിയെക്കാളും ഹൃദ്യമായി ഓണമാഘോഷിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ഈ ഓണക്കാലത്ത് അഞ്ചാംപതിപ്പിലേക്ക് കടക്കുന്ന ഓണപ്പാട്ടുകാര്‍ എന്ന ഓണക്കവിതകളുടെ സമാഹാരമാണ് ഈ ആത്മവിശ്വാസത്തിന് നിദാന്തം.
കവിത്രയം മുതല്‍ പുതുതലമുറക്കവികള്‍ വരെ എഴുതിയ കവിതകളുടെ പൂക്കളത്തില്‍ അറുപത്തിയഞ്ചോളം കവികളുടെ സാന്നിധ്യമുണ്ട്. ഒഎന്‍വിയാണ് അവതാരിക എഴുതിയത്. മാതൃഭൂമിയാണ് പ്രസാധകര്. ഓണം മതാതീതമായ സങ്കല്പത്തിന്റെ പരംപൊരുളാണെന്ന് ഓണപ്പാട്ടുകാരിലൂടെ അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: