മലപ്പുറം: നബിയുടെ ത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നു. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണപുതുക്കലാണ് ഓരോ ബലിപ്പെരുന്നാളും. ദൈവത്തിന്റെ കല്പനപ്രകാരം നബി മകനെ ബലി നല്കാന് സന്നദ്ധമായതിന്റെ ഓര്‍മ്മയ്ക്കായാണ് ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാളിന് സക്കാത്ത് നല്കുന്നതുപോലെ ശ്രേഷ്ഠമാണ് ബലിതര്‍പ്പണവും എന്നാണ് വിശ്വാസം. സുഗന്ധം പൂശിയും പുതുവസ്ത്രമണിഞ്ഞും പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പരസ്പരം സ്നേഹം പങ്കിട്ടുമാണ് വിശ്വാസികള്‍ ഈ പുണ്യദിനം ആചരിക്കുന്നത്. ജില്ലയിലെ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രാര്‍ത്ഥനകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ബലി പെരുന്നാള്‍ മലയാളത്തില്‍ വലിയ പെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മാഇല് നെ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്മ പുതുക്കലാണ് ബലി പെരുന്നാള്‍. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈ ദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍. വലിയ പെരുന്നാള്‍ എന്ന വാക്ക് ബലി പെരുന്നാള്‍ എന്ന പദത്തില്‍ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാര്‍ത്ഥത്തില്‍ അത് ശരിയായ പ്രയോഗമല്ല. ബക്രീദ് എന്ന വാക്കും പില്ക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.ബക്കരി എന്നാല്‍ ആട് എന്നര്‍ത്ഥം.
പതിവുപോലെ സംയുക്ത ഈദ് ഗാഹിന് പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുന്നാള്‍ നമസ്ക്കാരം ഇന്ന് രാവിലെ 7:30ന് നടക്കും. പൊന്നാനി ഫിഷിംഗ് ഹാര്‍ബറിലെ സംയുക്ത ഈദ് ഗാഹ് അഞ്ച് വര്‍ഷം പിന്നിടുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഈദ് ഗാഹില്‍ പങ്കെടുക്കുന്നത്. മലബാറിലെ ഏറ്റവും വലിയ ഈദ് ഗാഹ് എന്ന നിലയിലാണ് പൊന്നാനിയിലെ സംയുക്ത ഈദ് ഗാഹ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: