പെരിന്തല്‍മണ്ണ: തുടര്‍ച്ചയായി അഞ്ച് ദിവസം നീണ്ട അവധിയിലേക്ക് ബാങ്കുകള്‍ പ്രവേശിച്ചതോടെ ജില്ലയിലെ മിക്ക എടിഎമ്മുകളിലും പണം തീര്‍ന്നു. അവധി തുടങ്ങി രണ്ടാം ദിവസം തന്നെ എടിഎമ്മുകള്‍ കാലിയാകുന്നത് അപൂര്‍വ്വമാണ്.
ബക്രീദ്-ഓണം ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ പെട്ടെന്ന് കാലിയാകാന്‍ കാരണം. ഇതുമൂലം ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് പെരുവഴിയിലായത്. സാധാരണ രണ്ട് ദിവസങ്ങള്‍ തുടര്‍ച്ചയായ ബാങ്ക് അവധി സാധാരണമാണ്. എന്നാല്‍ അപ്പോഴൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ഇടപാടുകാര്‍ പറയുന്നത്.
രണ്ടാം ശനിയാഴ്ച അടച്ചിട്ട ബാങ്കുകള്‍ ഇനി ബക്രീദും ഓണാവധികളും കഴിഞ്ഞ് വ്യാഴാഴ്ച മാത്രമേ തുറക്കൂവെന്നതിനാല്‍ പൊതുജനത്തിന് ഇത് കാര്യമായ പ്രയാസം സൃഷ്ട്ടിച്ചേക്കും.
അടിയന്തരമായി എടിഎമ്മുകളില്‍ പണമെത്തിക്കണമെന്ന് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് സംസ്ഥാനസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. അതേസമയം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷേ സ്വകാര്യ ഏജന്‍സികള്‍ക്കാണ് എടിഎമ്മുകളില്‍ പണം നിറയ്ക്കേണ്ട ചുമതലയെന്നും സ്വകാര്യ ബാങ്കുകള്‍ അവധിയായാലും എടിഎമ്മില്‍ പണം നിറയ്ക്കുവാന്‍ വേണ്ട നിര്‍ദേശം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ബാങ്കുകള്‍ പറയുന്നത്.
എടിഎമ്മുകള്‍ കാലിയായത് കച്ചവടത്തെയും ബാധിക്കുമെന്ന് വ്യാപാരികളും ഭയക്കുന്നു. അതേസമയം ഈ ദുരവസ്ഥ മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചില സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: