കല്‍പ്പറ്റ : ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പോലീസ് റെഡ് വോളണ്ടിയര്‍മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി വയനാട് ജില്ലാ കമ്മറ്റി. ജില്ലയില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താതെ എ.ബി.വി.പി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലില്‍ അടക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മേപ്പാടി പോളിടെക്നിക് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ സംഭവിച്ചത്. ജില്ലയിലെ പോലീസ് മേധാവി അടക്കമുള്ള ആളുകള്‍ സി.പി.എം ന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതേ നിലപാടുമായിട്ടാണ് പോലീസ് മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി തയ്യാറാകുമെന്ന് യോഗം മുന്നറിയിപ്പു നല്കി. മേപ്പാടി പഞ്ചായത്ത് ഓഫീസ് ആക്രമണത്തില്‍ യാതൊരുവിധ പങ്കുമില്ലാത്ത ബി.ജെ.പി പ്രവര്‍ത്തകനെ ബോധ്യമുണ്ടായിരുന്നിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ സി.പി.എം ലോക്കല്‍ കമ്മറ്റി നിര്‍ദ്ദേശ പ്രകാരം കള്ളക്കേസെടുത്ത് ജയിലില്‍ അടക്കുകയാണ് ഉണ്ടായത്. പ്രാദേശിക ദ്യശ്യ മാധ്യമ ചാനലുകള്‍ ഉള്‍പ്പെടെ അക്രമത്തിന്റെ ദ്യശ്യം പൊതുജനങ്ങള്‍ കണ്ടതാണ് . യഥാര്‍ത്ഥ പ്രതികളെ അറസ്റ്റുചെയ്യുന്നതിന് പകരം നിരപരാധികളെ വേട്ടയാടുന്ന നടപടികളില്‍ നിന്ന് പോലീസ് പിന്മാറണമെന്നും നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സത്യസന്ധമായി അന്വേഷണം നടത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, കെ. സദാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: