കല്‍പ്പറ്റ : വൈദ്യുതി ബന്ധം വിച്ഛേദിച്ച വയനാട്ടിലെ 1806 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണത്തിനു മുമ്പ് വൈദ്യുതി പുനസ്ഥാപിച്ചു നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഉത്തരവ്. ലീഗല്‍ സര്‍വീസ് അതോറിറ്റിയ ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജുമായ ഡോ.വി.വിജയകുമാര്‍, സെക്രട്ടറിയും സബ്ജഡ്ജുമായ എ.ജി.സതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം കല്‍പ്പറ്റയിലെ നാരങ്ങാക്കണ്ടി കോളനി സന്ദര്‍ശിച്ചിരുന്നു. വൈദ്യുതി വിച്ഛേദിച്ച കാര്യം ഇവര്‍ക്ക് മുമ്പില്‍ ആദിവാസികള്‍ പരാതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി ആദിവാസി വീടുകള്‍ക്ക് വൈദ്യുതി പുനസ്ഥാപിച്ചു നല്കാന് കെ.എസ്.ഇ.ബിക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്. ജില്ലയുടെ പലഭാഗങ്ങളിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ആദിവാസി വീടുകളില്‍ നിന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഓണക്കാലത്തും ഇരുട്ടില്‍ തന്നെ കഴിയാനായിരുന്നു ഇവരുടെ നിയോഗം. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഇടപെടല്‍ ഇതോടെ ആദിവാസികള്‍ക്ക് ആശ്വാസമാവുകയാണ്.
പൂക്കോട് വെറ്ററനറി സര്‍വകലാശാല രജിസ്ട്രാര്‍ ജോസഫ് മാത്യു, ഡോ.ജോര്‍ജ്ജ് ചാണ്ടി എന്നിവരും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഒപ്പം കോളനി സന്ദര്‍ശനത്തിനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: