കാഞ്ഞാര്‍: അറക്കുളം പഞ്ചായത്തിലെ മൂലമറ്റം ടൗണില്‍ വാഹന പാര്‍ക്കിംഗിന് സ്ഥലമില്ല. ഇതേ തുടര്‍ന്ന് ടൗണിലും പരിസരങ്ങളിലും ഗതാഗതക്കുരുക്ക് പതിവാകുന്നു. പഞ്ചായത്ത് ഭരണസമിതി പാര്‍ക്കിങിന് നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ഇത് നടപ്പാക്കാനെത്തിയ പോലീസും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റമുണ്ടായി.
റോഡിനിരുവശവും വാഹനങ്ങള്‍ നിറയുന്നതോടെ ഇരു സ്റ്റാന്‍ഡുകളിലേക്കുമായി ബസുകള്‍ കൂടിയെത്തുന്നതോടെ ഗതാഗതം സ്തംഭിക്കുകയാണ് പതിവ്. മൂലമറ്റം ടൗണില്‍ മാത്രമായി മൂന്ന് ഓട്ടോസ്റ്റാന്‍ഡുകളാണ് പഞ്ചായത്ത് ഭരണസമിതി അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒരു ടാക്‌സി സ്റ്റാന്‍ഡിന് മാത്രമാണ് പാര്‍ക്കിംഗ് ഏരിയായുളളത്. ബാക്കിയുള്ള റോഡരികിലാണ് വര്‍ഷങ്ങളായി പാര്‍ക്ക് ചെയ്യുന്നത്. ടൗണിന് സമീപത്തായി കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലം പാര്‍ക്കിംഗിനായി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഈ ആവശ്യത്തിന് വൈദ്യുതി വകുപ്പ് എതിരു നില്‍ക്കുന്നതായി പഞ്ചായത്തംഗങ്ങള്‍ സൂചിപ്പിച്ചു.
ഓണം കൂടിയെത്തിയതോടെ ടൗണിലെ തിരക്ക് ഇരട്ടിയായി. ഇതേ തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ ടൗണില്‍ പാര്‍ക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി കാഞ്ഞാര്‍ എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബഹളം ആരംഭിച്ചത്. വര്‍ഷങ്ങളായി തങ്ങളിവിടെ പാര്‍ക്ക് ചെയ്യുന്നതാണെന്നും ഓട്ടോകള്‍ മാറ്റില്ലെന്നും ടാക്‌സി തൊഴിലാളികളും നിലപാടെടുത്തു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. സംഭവമറിഞ്ഞ് പഞ്ചായത്തധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന് സ്ഥലത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നു.
















