കൊട്ടിയം: ബൈക്കില്‍ സഞ്ചരിച്ച പാരലല്‍ കോളേജ് അധ്യാപകനായ യുവാവിന് കാര്‍ തട്ടി പരിക്കേറ്റ സംഭവത്തില്‍ കാറുടമ പട്ടിയെ പ്രതിയാക്കി രക്ഷപെട്ടതായി പരാതി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂര്‍ ആനാട് വീട്ടില്‍ സലാഹുദ്ദീന്‍ (36) ഒരാഴ്ചയിലേറെയായി ചികിത്സയിലാണ്. കഴിഞ്ഞ 25ന് ഉച്ചയ്‌ക്ക് ഒന്നിന് തഴുത്തല വാലിമുക്കിന് സമീപമായിരുന്നു അപകടം.
കൊട്ടിയം ഭാഗത്തുനിന്ന് പാരലല്‍ കോളേജിലെ ക്ലാസ് കഴിഞ്ഞശേഷം കണ്ണനല്ലൂരിലെ വീട്ടിലേക്ക് വരികയായിരുന്നു സലാഹുദ്ദീന്‍. കാര്‍ തട്ടിയിട്ടയുടനെ സലാഹുദ്ദീന്റെ ബോധം നഷ്ടമായതിനാല്‍ കാറിന്റെ നമ്പരോ ഉടമയെയോ കുറിച്ച് വിവരമൊന്നും കിട്ടിയില്ല. സംഭവം കണ്ട നാട്ടുകാരോട് ആദ്യം കാര്‍ നിര്‍ത്തി സംസാരിച്ച കാറുടമ ബൈക്കിന് മുന്നില്‍ പട്ടി കുറുക്കുചാടിയതാണെന്ന് പറഞ്ഞ് കാറുമായി കടന്നുകളയുകയായിരുന്നു. കൈയുടെ എല്ലിന് പൊട്ടലും മുഖത്ത് പരിക്കുമേറ്റ സലാഹുദ്ദീന്‍ ക്ലാസെടുക്കാന്‍ പോലും പോകാനാവാത്ത അവസ്ഥയിലാണ്.
സലാഹുദ്ദീനെ നാട്ടുകാരില്‍ ആരോ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെന്നാണ് കൊട്ടിയം പോലീസിനെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അപകടകരമായി ഓടിച്ചു കയറ്റിയതാണ് ബൈക്കിനെ ഇടിച്ചുവീഴ്‌ത്താന്‍ കാരണമായത്. അപകടം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വാഹന നമ്പര്‍ ഇല്ലാതെ കേസെടുക്കാനാവാതെ കുഴങ്ങുകയാണ് കൊട്ടിയം പോലീസ്.
















