മഹാരാഷ്ട്രയില്‍ കൃഷ്ണാനദീതീരത്തുള്ള വൈ നഗരം പ്രസിദ്ധമാണ്, സിനിമാ ചിത്രീകരണത്തിന്റെ പേരില്‍. പച്ചവിരിച്ച പാടങ്ങളും കുന്നുകളും മനോഹരമായ ക്ഷേത്രങ്ങളും നിറഞ്ഞ ഇവിടെ ഗംഗാജല്‍, സ്വദേശ്, ഓങ്കാര തുടങ്ങി 300 ല്‍ അധികം സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഉത്തരമില്ലാതെ അവശേഷിച്ച, നിഗൂഢമായ തിരോധാനങ്ങളുടെ പൊരുളന്വേഷിച്ചുള്ള യാത്രയും ഇന്ന് എത്തിനില്‍ക്കുന്നത് വൈ നഗരത്തിലാണ്. സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് നടപ്പാക്കിയത് സന്തോഷ് ഗുലാബ്റാവു പോള്‍. വര്‍ഷങ്ങളായി വൈ നഗരത്തിലെ ഗ്രാമമായ ധോമില് ആളുകളെ ചികിത്സിച്ച വ്യാജ ഡോക്ടര്‍. ആറ് കൊലപാതകങ്ങളുടെ സൂത്രധാരന്‍. ഇരയായത് അഞ്ച് പെണ്ണും ഒരാണും. 2003 മുതല്‍ 2016 വരെ ചികിത്സയുടെ മറവില്‍ ചെയ്തുകൂട്ടിയ നീചപ്രവൃത്തിയില്‍ തകര്‍ന്ന ആറ് കുടുംബങ്ങള്‍. ആറുപേരെയും കൊന്നത് താനാണെന്ന് പോള്‍ കുറ്റസമ്മതം നടത്തി. പക്ഷെ, എന്തിന്?
ആരാണ് സന്തോഷ് ഗുലാബ്റാവു ?
സ്വന്തം ചെയ്തികൊണ്ട് വീണുകിട്ടിയ പേര് ഡോക്ടര്‍ ഡെത്ത്. ഡോക്ടര്‍ ആവാനായിരുന്നു ആഗ്രഹം. വളര്‍ന്നത് മുംബൈയില്‍. ചേച്ചിയും അനിയനും അടങ്ങുന്ന ഇടത്തരം കുടുംബം. അച്ഛന് ഗുലാബ്റാവു ബസ് കണ്ടക്ടര്‍. അധികം വൈകാതെ മുംബൈയില്‍ നിന്ന് സ്വദേശമായ ധോമിലെത്തി. അവിടെ ബിസിനസ് ആരംഭിച്ചു. സ്കൂള്‍ വിദ്യാഭ്യാസ ശേഷം സത്താറയിലെ സൗക്കര്‍ ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ നിന്ന് 1994 ല്‍ ഇലക്ട്രോപതി മെഡിസിനിലും സര്‍ജറിയിലും ബിരുദം നേടി.
ഔഷധസസ്യങ്ങളില്‍ നിന്ന് രോഗപരിഹാരം കണ്ടെത്തുന്ന ഇലക്ട്രോപതിക്ക് 1986 മുതല്‍ പ്രചാരമുണ്ടായി. മഹാരാഷ്ട്രയില്‍ നിരവധി കോളേജുകളില്‍ കോഴ്സ് നിലവില്‍ വന്നു. 1994 ആയപ്പോഴേക്കും അംഗീകാരം നഷ്ടമായി. കോളേജുകള്‍ അടച്ചുപൂട്ടി. പോളിന് ഡോക്ടറായി ജോലി നോക്കാന്‍ സാധിച്ചില്ല. പക്ഷെ, ആശുപത്രിയില്‍ തന്നെ അറ്റന്‍ഡറായി ജോലി തരപ്പെടുത്തി. ഡോക്ടര്‍ക്ക് സമൂഹത്തിലുള്ള അംഗീകാരവും ബഹുമാനവും അയാള്‍ മോഹിച്ചു. പ്രഗല്ഭനായ ഡോ.വിധാധര്‍ ഗോട്വദേക്കറിന്റെ കീഴിലായിരുന്നു അവസാനം ജോലി നോക്കിയത്. വൈദ്യ രംഗത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടിയശേഷം അറ്റന്‍ഡര്‍ പണി ഉപേക്ഷിച്ചു. അതും വ്യക്തമായ പദ്ധതി തയ്യാറാക്കിയശേഷം. വൈയിലെ ഗ്രാമങ്ങളില്‍ ഡോക്ടറായി സ്വകാര്യ പ്രാക്ടീസ് നടത്താനായിരുന്നു തീരുമാനം. നഗരത്തിലെ ആശുപത്രിയില്‍ പോയി ചികിത്സ തേടാന്‍ സാധിക്കാത്ത പാവങ്ങളായിരുന്നു ഉന്നം. ഇവരാരും ഡോക്ടറുടെ യോഗ്യത ചികയാന്‍ പോകില്ലെന്നതായിരുന്നു ധൈര്യം.
കഥ തുടങ്ങുന്നു
വൈയിലെ റെനവാലെ ഗ്രാമത്തിലായിരുന്നു ആദ്യ ക്ലിനിക്ക്. ചെറിയൊരു മുറിയില്‍ ആരംഭിച്ച ക്ലിനിക് മാസങ്ങള്‍ക്കകം പൂട്ടി, അതും ഒരാളുടെ ജീവനെടുത്ത ശേഷം. പോളിന്റെ നെയിംബോര്‍ഡില്‍ പറഞ്ഞിരിക്കുന്ന മെഡിക്കല്‍ ബിരുദങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഗ്രാമീണര്‍ ആവശ്യപ്പെട്ടത് പോളിനെ കുഴപ്പത്തിലാക്കി. അവരുടെ ആവശ്യം നിരസിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തത് അവിടെ പിടിച്ചുനില്‍ക്കാനുള്ള സാധ്യത ഇല്ലാതാക്കിയെങ്കിലും തുടരാന്‍ തീരുമാനിച്ചു. 2003 ലായിരുന്നു ഇത്, കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട വര്‍ഷം. ഈ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വൈ പട്ടണത്തിലെത്തി ചികിത്സിക്കാനുള്ള പണമോ സമയമോ ഇല്ലാത്തവര്‍ക്ക് പോളിന്റെ ക്ലിനിക് അനുഗ്രഹമായി. ചികിത്സയ്ക്ക് നിസാരതുകയേ വാങ്ങിയിരുന്നുള്ളു. ഡോക്ടര്‍ അവര്‍ക്ക് ദൈവതുല്യനായി.
ആളുകള്‍ക്കിടയില്‍ നല്ലപേര് നേടി ഡോക്ടറായി വിലസുന്നതിനിടെ ആദ്യത്തെ ഇരയെ വലയില്‍ വീഴ്ത്തി. പേര് സുരേഖ ചികാനെ, മുപ്പതുകാരി. ഭര്‍ത്താവ് ലക്ഷ്മണ് ചികാനെ. പോളിന്റടുത്ത് ചികിത്സ തേടിയിട്ടുണ്ട് സുരേഖ. വൈയിലെ ഒരാശുപത്രിയില്‍ കണ്ണ് പരിശോധിക്കുന്നതിനായി പോളിനൊപ്പം പോകാനുള്ളത്ര പരിചയം അവര്‍ക്കിടയിലുണ്ടായിരുന്നു. 2003 മെയിലായിരുന്നു സംഭവം. പിന്നെ സുരേഖ മടങ്ങിവന്നില്ല.
സംശയത്തിന്റെ വിരലുകള്‍ തനിക്കുനേരെ ചൂണ്ടുന്നത് മനസ്സിലാക്കി പോള്‍ അവിടം വിട്ടു. തുടര്‍ന്ന് സ്വദേശമായ ധോമില് ക്ലിനിക്കിട്ടു. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. വൈയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറി. 2004 ല്‍ സീമയെ വിവാഹം കഴിച്ചു. രണ്ട് ആണ്‍കുട്ടികളും മകളും ഉണ്ട്. ഡോക്ടറായുള്ള മടങ്ങിവരവ് സമൂഹത്തിന്റെ സ്നേഹ ബഹുമാനങ്ങള്‍ നേടിക്കൊടുത്തു. 2005 ല്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. രോഗികളെ, പ്രത്യേകിച്ചും സ്ത്രീകളെ തന്റെ അടുത്തേക്ക് എത്തിക്കുന്നതില്‍ പ്രത്യേക തന്ത്രം പ്രയോഗിച്ചു. അതില്‍ കുടുങ്ങിയതാണ് വനിത ഗെയ്ക്വാദ് (43). ഡോക്ടറുടെ വസതിക്ക് സമീപത്തായിരുന്നു ഇവരുടേയും താമസം. എച് ഐ വി പിടിപെട്ടിട്ടുണ്ടോ എന്ന ഭയം ഉളവാക്കി സ്ത്രീകളെ തന്റെയടുത്തെത്തിക്കുന്ന തന്ത്രമാണ് വനിതയുടെ അടുത്തും പ്രയോഗിച്ചത്. 2006ലായിരുന്നു സംഭവം.
ഇയാള്‍ ബന്ധങ്ങള്‍ക്കും പരിഗണണ നല്‍കിയില്ല. 2010 ഓഗസ്റ്റില്‍ ഇയാളുടെ ചതിക്കും ക്രൂരകൃത്യത്തിനും ഇരയായത് ബന്ധുവായ ജനബായ് പോളാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നല്ല ബന്ധം. ജനാബായിയുടെ പേരിലുളള വസ്തുവിന്റെ വില്പനയില് ധാരണയുണ്ടാക്കാന്‍ വിശ്വസിച്ചേല്പിച്ചത് പോളിനെയായിരുന്നു. കുടുംബത്തെ ചതിക്കുകയാണെന്നറിഞ്ഞപ്പോള്‍ പോളും ജനാബായിയും തമ്മിലുളള ബന്ധം വഷളായി. പോളിന്റെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു ജനാബായിയുടെ മകള്‍ പല്ലവി. ഒരു ദിവസം വൈയിലെ ചന്തയിലേക്ക് പോളിനൊപ്പം അത്യാവശ്യകാര്യങ്ങളുണ്ടെന്ന് പറഞ്ഞുപോയ ജനാബായിയെ പിന്നീട് ആരും കണ്ടില്ല.
നിഗൂഢതകള്‍ നിറഞ്ഞതാണ് ഡോക്ടര്‍ ഡെത്തിന്റെ ജീവിതം. സമൂഹത്തിലെ ഉന്നതരുമായി അയാള്‍ ബന്ധം സ്ഥാപിച്ചു. 2007 ല്‍ ഡോ. ഗോട്വഡേദ്കറിന്റെ കിടത്തി ചികിത്സാ സൗകര്യമുളള ആശുപത്രിയില്‍ ജോലി തരപ്പെടുത്തി. മെഡിക്കല്‍ ബിരുദമില്ലാത്ത പോളിന് വൈദ്യശാസ്ത്രത്തിലുള്ള അറിവിനെ മറ്റുള്ളവര്‍ പ്രശംസിച്ചു. ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലായിരുന്നു ജോലി. ഓപ്പറേഷന് സമയത്ത് ആവശ്യമായ മരുന്നും മറ്റും അതിവേഗം തരപ്പെടുത്തുന്നതിലുള്ള വൈദഗ്ധ്യം ഡോക്ടര്‍മാരേയും അത്ഭുതപ്പെടുത്തി. അധികം വൈകാതെ ഡോ.വിധാധറിന് പോളിനോട് മുഷിച്ചിലുണ്ടായി. ആശുപത്രി ജീവനക്കാരെ സമരം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടായിരുന്നു ഇത്.
ആശുപത്രിയിലെ കീഴ്ജീവനക്കാരനായ പോളിനെ രോഗികള്‍ ഡോക്ടര്‍ സാഹിബ് എന്ന് വിളിച്ചു. രാത്രി കാലങ്ങളില്‍ ഐസിയുവിന്റെ പൂര്‍ണ നിയന്ത്രണം പോളിനായിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ പോലീസ് സൂപ്രണ്ടന്റായി ചുമതലയേറ്റ സന്ദീപ് പാട്ടീലുമായി പോള്‍ അന്നേ ബന്ധം സ്ഥാപിച്ചിരുന്നു. ആശുപത്രി അധികാരിയാണെന്നായിരുന്നു പരിചയപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ ആന്റി കറപ്ഷന്‍ ബ്യൂറോ(എസിബി)യുമായി ഇടപെട്ടുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകന്റെ റോളിലേക്ക് പോള്‍ മാറി. അമ്പത്തിയൊന്നിലേറെ കേസുകളാണ് ഇയാള്‍ എസിബിയില്‍ ഫയല്‍ ചെയ്തത്. ഏഴെണ്ണം പോലീസിനെതിരായി നേരിട്ടുള്ള പരാതികളായിരുന്നു. ബാക്കിയുള്ളവ മറ്റ് വകുപ്പുകള്‍ക്കെതിരെ ജനങ്ങളെക്കൊണ്ട് ഫയല്‍ ചെയ്യിപ്പിച്ചവ. സ്വയരക്ഷാര്‍ത്ഥം മറ തീര്‍ക്കുകയായിരുന്നു പോള്‍. കാണാതായ വ്യക്തികളെ സംബന്ധിച്ച അന്വേഷണം തന്റെ നേര്‍ക്ക് നീളുന്നത് തടയുകയായിരുന്നു ലക്ഷ്യം.
പോലീസുകാരെ ബ്ലാക്മെയില്‍ ചെയ്ത് അന്വേഷണത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന, മനുഷ്യത്വമുള്ള ഡോക്ടറെന്ന ഖ്യാതിയും അയാള്‍ നേടി.
അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം പോള്‍ വീണ്ടും ക്രൂരതക്ക് തുടക്കമിട്ടു. ഡോ.വിധാധറിന്റെ ആശുപത്രിയില്‍ നഴ്സായിരുന്ന സല്‍മ ഷെയ്ക്കുമായി പോളിന് അതിരുവിട്ട അടുപ്പമുണ്ടായിരുന്നു. ആ അടുപ്പത്താലാണ് നത്മല്‍ ഭണ്ഡാരിയെന്ന സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെത്തി, അദ്ദേഹത്തെ ഫിസിയോതെറപ്പി ചെയ്യാന്‍ സഹായിയായി അവരേയും ഒപ്പം കൂട്ടിയത്. വ്യാപാരിയുമായി ഇവര്‍ ബന്ധം സ്ഥാപിച്ചു. സല്‍മയും നത്മല്‍ ഭണ്ഡാരിയുമായി തെറ്റിയ പോള്‍ 2015 ഡിസംബറില്‍ ഭണ്ഡാരിയെയും 2016 ജനുവരിയില്‍ സല്‍മയെയും വകവരുത്തി. മസിലുകള്‍ അയയാനുള്ള മരുന്ന് കുത്തിവച്ചാണ് കൃത്യം നടത്തിയത്. മരുന്ന് ഡോ.വിധാധറിന്റെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചെന്നാണ് സംശയം.
എത്ര സമര്‍ത്ഥനായ കുറ്റവാളിക്കുമേലും ഒരുനാള്‍ പിടിവീഴും എന്നത് പോളിന്റെ കാര്യത്തിലും സത്യമായി. ജൂണ്‍ 16 ന് കൊല്ലപ്പെട്ട അങ്കനവാടി ജീവനക്കാരി മംഗല ജെധെയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം ഫലം കണ്ടതാണ് പോളിന് വിനയായത്. കൊലപാതകങ്ങളില്‍ പോളിന് പങ്കുണ്ടെന്ന് നാളുകളായി അയാളെ അടുത്തറിഞ്ഞ മംഗല സംശയിച്ചിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ പോള്‍ അവരെ വകവരുത്തി. മംഗലയുടെ ഫോണ്‍ പട്ടിക പരിശോധിച്ചപ്പോഴാണ് പോളിനുമേല് സംശയത്തിന്റെ നിഴല്‍ വീഴുന്നത്. മംഗലയുടെ ഫോണിലേക്കുവന്ന അവസാനത്തെ കോള്‍ പോളിന്റേതായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചുകൊണ്ട് കൊലപാതക പരമ്പരയുടെ ചുരുള്‍ നിവരുന്നത്. ചോദ്യം ചെയ്യലില്‍ പോലീസിന് മുന്നില്‍ പതറാതെ നിന്നു പോള്‍. ഒപ്പം അവരെ അഭിനന്ദിക്കാനും മറന്നില്ല.
സുരേഖ മുതല്‍ മംഗല ജെധെ വരെ
2003 മെയ് 15 നായിരുന്നു സുരേഖയുടെ തിരോധാനം. കാണാതാവുമ്പോള്‍ ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നതായി ഭര്‍ത്താവ് ലക്ഷ്മണ് ചികാനെ പറയുന്നു. ഇത് മോഷ്ടിക്കാന്‍ വേണ്ടിയാവാം കൊല നടത്തിയതെന്നാണ് ലക്ഷ്മണ് സംശയിക്കുന്നത്. സുരേഖയെ കാണാനില്ലെന്ന് പരാതി നല്കി. സംശയത്തിന്റെ പേരില്‍ പോളിനെ പോലീസ് ചോദ്യം ചെയ്തു. ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിച്ച പോളിനോടുള്ള പോലീസിന്റെ പെരുമാറ്റം സൗഹാര്‍ദ്ദപരമായിരുന്നു. അയാള്‍ക്ക് പോലീസ് ഓഫീസര്‍ ജ്യൂസ് നല്കി, ലക്ഷ്മണ് പറയുന്നു. മാരകായുധമുപയോഗിച്ച് തലക്കടിച്ച് സുരേഖയെ കൊലപ്പെടുത്തിയതാവാം എന്നാണ് ഇപ്പോള്‍ പോലീസ് ഭാഷ്യം. 2003 മെയ് 20 ന് സുരേഖയെ കൊലപ്പെടുത്തിയെന്ന് പോളിന്റെ കുറ്റസമ്മതം.
വനിത ഗെയ്ക് വാദിനെ കൊലപ്പെടുത്തിയത് 2006 ആഗസ്റ്റ് 12 നാണ്. കൊലപാതക കാരണം വ്യക്തമല്ല. ആഭരണങ്ങള്‍ കവരുക എന്നതായിരുന്നു ലക്ഷ്യം എന്ന് സംശയിക്കുന്നു.
2010 ആഗസ്റ്റില്‍ പോളിനൊപ്പം പോയ ജനാബായിയെ കൊലപ്പെടുത്തിയത് ആഗസ്റ്റ് 13 ന്. അമ്മയെ രണ്ട് ദിവസം കഴിഞ്ഞും കാണാത്തത് എല്ലാവരേയും പരിഭ്രാന്തരാക്കിയെന്ന് മകള്‍ പല്ലവി. വീട്ടുകാരെ ആശ്വസിപ്പിക്കാനും പോലീസില്‍ പരാതി കൊടുക്കാനും മുന്നില്‍ നിന്നത് ഡോക്ടര്‍ പോള്‍. സ്വാഭാവികമായും വീട്ടുകാരുടെ സംശയദൃഷ്ടിയില്‍ നിന്ന് ഇയാള്‍ ഒഴിവായി.
2015 ഡിസംബര്‍ ഏഴിന് വ്യാപാരി നതാമല് ഭണ്ഡാരിയെ വകവരുത്തിയതിന് പിന്നിലെ പ്രേരണ വ്യക്തമല്ല. സല്‍മ ഷെയ്ക്കിനെ കാണാതായെങ്കിലും അവര്‍ക്കുവേണ്ടി അന്വേഷണം നടത്താന്‍ ബന്ധുക്കളാരും ഉണ്ടായില്ല. പോള്‍ പിടിയിലായപ്പോഴാണ് സത്യം പുറത്തുവന്നത്. 2016 ജനുവരി 17 നായിരുന്നു.
മംഗലയുടെ കൊലയ്ക്ക് കാരണം, പ്രണയവും പ്രതികാരവുമായിരുന്നു. മംഗലയെ കൂടാതെ പോളിന് നഴ്സായ ജ്യോതി മന്ദ്രെയുമായും അടുപ്പമുണ്ടായിരുന്നു. കൊലപാതകങ്ങളില്‍ പോളിന്റെ കൂട്ടാളി ജ്യോതിയായിരുന്നു. ജ്യോതിയും പോളും തമ്മിലുളള ഇടപാടുകള്‍ വെളിപ്പെടുത്തുമെന്നായിരുന്നു മംഗലയുടെ ഭീഷണി. മകളുടെ പ്രസവമടുത്തതിനെ തുടര്‍ന്ന് പൂനെയിലേക്കെന്ന് പറഞ്ഞുപോയ മംഗല അവിടെ എത്തിയില്ല. വൈ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ജെധെയെ തട്ടിക്കൊണ്ടുപോയി. 2016 ജനുവരി 17 ന് മാരകമായ അളവില്‍ മരുന്ന് കുത്തിവച്ച് വകവരുത്തി.
ഫാം ഹൗസ് പോളിന്റെ ശവപ്പറമ്പ്
ധോമിലുള്ള ഫാം ഹൗസിലാണ് അഞ്ച് സ്ത്രീകളുടെയും മൃതദേഹം മറവ് ചെയ്തത്. ഭണ്ഡാരിയുടേത് കൃഷ്ണാ നദിയില്‍ തള്ളി. ആരുടേയും കണ്ണില്‍പ്പെടാതെ വിദഗ്ധമായി എങ്ങനെ ഇത് സാധ്യമായി? നീളത്തില്‍ കുഴിയെടുക്കുന്നതിനായി വന്ന ജെസിബി ഓപ്പറേറ്റര്‍മാരും പോളിനെ സംശയിച്ചില്ല. വൈയില്‍ നിന്ന് 2003 മുതല്‍ പന്ത്രണ്ടോളം പേരെ കാണാതായിട്ടുണ്ട്. പോളിന് ഇതുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസിപ്പോള്‍. ഇയാളുടെ കൂട്ടാളി ജ്യോതി മന്ദ്രെയും പോലീസ് പിടിയിലായി.
രാമന് രാഘവിന്റെ പിന്‍ഗാമി
1960 കളില്‍ മുംബൈയുടെ പ്രാന്തപ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലര്‍ രാമന് രാഘവ്. ദരിദ്രരായിരുന്നു ഇയാളുടെ ഇരകള്‍. മാരകായുധം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മോഷണമായിരുന്നു പതിവ്. സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവില്ലാതെ അയാള്‍ കൊന്നൊടുക്കിയവരുടെ എണ്ണം കൃത്യമായറിയില്ല. മൃതദേഹത്തോടും അയാള്‍ ക്രൂരതകാട്ടി. പോലീസ് പിടികൂടിയപ്പോള്‍ രാമന് രാഘവ് കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. അയാളുടെ വെളിപ്പെടുത്തലുകള്‍ ആരിലും ഞെട്ടലുളവാക്കും.
മനോരോഗിയായ തുടര്‍ കൊലയാളിക്ക് ഭ്രാന്തന് രാമന് എന്നൊരു പേരുമുണ്ട്. ഡോക്ടര്‍ ഡെത്തിന്റെ ചെയ്തികളും ഭ്രാന്തന് രാമനെ ഓര്‍മിപ്പിക്കുന്നു. 13 വര്‍ഷം കൊണ്ട് ആറ് കൊലപാതകങ്ങള്‍ ചെയ്ത പോളിനെ പിടികൂടിയില്ലായിരുന്നെങ്കില്‍ നിരവധി പേര് ഇരകളായേനെ. തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് പോലീസ് വകുപ്പിലെ അഴിമതിക്കാരെയും സമൂഹത്തിലെ നിഷ്ക്രിയരെയുമാണ്. ആളുകളെ ഇല്ലാതാക്കാന്‍ മാത്രം ഇയാളുടെ പ്രശ്നമെന്താണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരേയും കുഴപ്പത്തിലാക്കുന്നു. ഇയാള്‍ ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ എണ്ണം ഇനിയും കൂടുമോ? ഉത്തരത്തിനായി കാത്തിരിക്കുക തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: