1967 ലെ ജനസംഘം അഖില ഭാരത സമ്മേളനത്തിന്റെ രണ്ടാംനാള്‍ നടന്ന ശോഭായാത്രയായിരുന്നു ജനശ്രദ്ധയും മാധ്യമ പ്രശംസയും നേടിയ പരിപാടി. അധ്യക്ഷ ഘോഷയാത്ര എന്നാണ് സംഘാടനത്തില്‍ ഏര്‍പ്പെട്ടവര്‍ ധരിച്ചത്. എന്നാല്‍ റാംഭാവു ഗോഡ്ബോലേ ശോഭായാത്ര എന്നു പേര് നിര്‍ദ്ദേശിച്ചു. ഘോഷംകൊണ്ടുമാത്രമല്ല ശോഭകൊണ്ടും അത് അന്വര്‍ത്ഥമായി. അതിനുശേഷം ആ വാക്ക് പ്രചരിച്ചു. ശ്രീകൃഷ്ണജയന്തിക്ക് ബാലഗോകുലം നടത്തുന്നത് ശോഭായാത്രയാണല്ലൊ.
സംഘാടക സമിതി ചേര്‍ന്നപ്പോള്‍ ശോഭായാത്രയുടെ ചുമതല ഏറ്റെടുക്കാന്‍ പരമേശ്വര്‍ജി തിരഞ്ഞെടുത്തത് ടി.സുകുമാരനെയായിരുന്നു. ഓര്‍ക്കുന്നുണ്ടാവും പലരും രസിക്കാത്ത സത്യങ്ങള്‍ എന്ന ആഖ്യായികയെ. അതിനുശേഷം സമകാലീന ദേശീയ, കേരള ചരിത്ര സംഭവങ്ങള്‍ പശ്ചാത്തലമാക്കി സുകുമാരന്‍ എഴുതിയ നോവലുകള്‍ അര്‍ഹിക്കുന്ന പ്രചാരം നേടിയില്ല എന്നതു നേര്. വിശേഷിച്ചും മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ എഴുതിയത്. കണ്ണൂരിലെ മാര്‍ക്സിസ്റ്റ് കൊലകത്തി രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് ചൂഴ്ന്നിറങ്ങുന്ന ഒന്നുകൂടി മനസ്സിലുണ്ടെന്ന് ഒരിക്കല്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞിരുന്നു.
ശോഭായാത്രയാണല്ലോ ഇവിടെ വിഷയം. ”കോഴിക്കോട് നഗരമാകെ അവരുടെ കൈപ്പിടിയിലമര്ന്നതുപോലെ അനുഭവപ്പെട്ടു. ഹിമാലയത്തില്‍നിന്നുത്ഭവിച്ച് ഉത്തരേന്ത്യയിലൊഴുകുന്ന ഗംഗ ഗതിമാറി ദക്ഷിണേന്ത്യയിലേക്കൊരു കുതിച്ചുചാട്ടം നടത്തുന്നതുപോലെ കാണപ്പെട്ടു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ സവിശേഷതകളെല്ലാം അതുകൂടെ കൊണ്ടുവന്നിരിക്കയാണ്. ”ഈ വമ്പിച്ച ജനമഹാസമുദ്രം ഹിന്ദുമഹാസാഗരവുമായി കൂട്ടിമുട്ടിയപ്പോള്‍ ഭാരതത്തിന്റെ ശബ്ദം സാഗരങ്ങള്‍ക്കപ്പുറം മാറ്റൊലിക്കൊണ്ടു” എന്നാണ് മാതൃഭൂമി പത്രം കവിതാമയമായി അതിനെ വിവരിച്ചത്.
ശോഭായാത്രയുടെ സംഘാടനം സമര്‍ത്ഥമായാണ് സുകുമാരന്‍ നിര്‍വഹിച്ചത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ നഗരത്തിലെത്തുമ്പോള്‍ വാഹനങ്ങള്‍ മൂലം സ്തംഭനാവസ്ഥ സൃഷ്ടിക്കാതെ മുന്‍കരുതലെടുത്തു. അന്ന് തെക്കുനിന്ന് വരുന്നവര്‍ക്ക് കല്ലായിപ്പാലമായിരുന്നു വടക്കോട്ടുകടക്കാന് വഴി. അതുകൊണ്ട് സുകുമാരന്‍ തിരൂര്‍ മുതല്‍ വടകരവരെയും കോഴിക്കോട്ടു മുതല്‍ ബത്തേരിവരെയും അന്നത്തെ ജില്ലയിലുള്ള എല്ലാ മണ്ഡലങ്ങളിലും ചെന്ന് പ്രവര്‍ത്തകരുമായി സംവദിച്ചു. ഇരുപത് കി.മീ. അകലെനിന്ന് പ്രവര്‍ത്തകര്‍ കാല്‍നടയായി വേണം പുറപ്പെടാന്‍. രാവിലെ ഒന്‍പതുമണിക്ക് പദയാത്ര ആരംഭിച്ചാല്‍ ഉച്ചക്കും സായാഹ്നത്തിലുമുള്ള ആഹാരം കൈയില്‍ കരുതണമെന്നായിരുന്നു നിര്‍ദ്ദേശം. കാരണം കോഴിക്കോട് നഗരത്തിലെ ചായക്കടകളിലും ഹോട്ടലുകളിലും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. തെക്കുനിന്നുള്ളവര്‍ അയ്ക്കരപ്പടിയില് നിന്നും കിഴക്കുനിന്നുള്ളവര്‍ കുന്ദമംഗലത്തുനിന്നും പേരാമ്പ്ര ബാലുശ്ശേരിക്കാര്‍ നന്മണ്ടയില്‍നിന്നും വടകര മുതലുള്ളവര്‍ കൊയിലാണ്ടിക്ക് തെക്ക് പൂക്കാട്ട് നിന്നും പുറപ്പെടേണ്ടിയിരുന്നു.
ഓരോ ജാഥയും മൂന്ന് മണിക്ക് പാവമണി ജങ്ഷനില്‍ എത്താനുള്ള സമയക്രമവും നിശ്ചയിക്കപ്പെട്ടു. വിവിധ സംസ്ഥാനക്കാരായ സമ്മേളന പ്രതിനിധികള്‍ ശ്രീനാരായണ നഗറില്‍നിന്ന് പുറപ്പെട്ടു. അവരോടൊപ്പമായിരുന്നു അധ്യക്ഷന്‍ ദീനദയാല്‍ജിയും സംസ്ഥാനാധ്യക്ഷന്‍ പി.എസ്.എസ്. അയ്യരും. ഈയിടെ അന്തരിച്ച നിലമ്പൂരിലെ ടി.എന്‍.ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് സാരഥിയായി തന്റെ തുറന്ന കാറില്‍ ദീനദയാല്ജിയെക്കൊണ്ടുപോയി. ചിട്ടയായിട്ടാണ് ഓരോ ജില്ലക്കാരും ശോഭായാത്രയില്‍ അണിചേര്‍ന്നത്. ദീപാങ്കിതമായ കാവിക്കൊടിയുടെ പ്രവാഹമാണ് അവിടെ കണ്ടത്.
പലതരത്തിലുള്ള നാടന്‍ കലാരൂപങ്ങളും (തെയ്യം, തിറ തുടങ്ങിയവ) വാദ്യഘോഷങ്ങളും ഉണ്ടായി. വയനാട്ടിലെ ആദിവാസികള്‍ പരമ്പരാഗത വേഷത്തില്‍ അമ്പും വില്ലും തുടിയും മറ്റുമായി ഗോത്രഭാഷകളില്‍ മുദ്രാവാക്യം വിളിച്ചത് കൗതുകമായി. പിന്നീട് വയനാട്ടില്‍ ശക്തമായ വയനാട് ആദിവാസി സംഘത്തിന് സമ്മേളനം പ്രചോദനമായി. ശോഭായാത്ര മാനാഞ്ചിറ മൈതാനത്തു പ്രവേശിക്കുമ്പോള്‍ത്തന്നെ അവരുടെ കൈവശമുള്ള കൊടികളും പ്ലക്കാര്‍ഡുകളും മറ്റും ശേഖരിച്ച് മണ്ഡലാടിസ്ഥാനത്തില്‍ സൂക്ഷിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. കുടിവെള്ളത്തിനും വ്യവസ്ഥയുണ്ടായി. ജനസഞ്ചയത്തെ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ രാംഭാവുവിന്റെ നിഷ്കര്‍ഷയോടുകൂടിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊണ്ടാണ് സുകുമാരന്‍ കഴിഞ്ഞത്.
കോഴിക്കോട് നഗരത്തെ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഗാംഭീര്യത്തിനനുയോജ്യമാംവിധത്തില് ചമയിക്കാന്‍ ചുമതല നല്കപ്പെട്ടത്, ഓട്ടുകമ്പനിയിലെ ജോലി ഉപേക്ഷിച്ച് മുഴുസമയവും ജനസംഘ പ്രവര്‍ത്തനത്തിന് മുന്നോട്ടു വന്ന പി.എന്‍.ഗംഗാധരന് ആയിരുന്നു. എണ്‍പതിലെത്തി നില്ക്കുന്ന അദ്ദേഹം അവശനാണെങ്കിലും പഴയ കനല് കെടാതെ ഹൃദയത്തില്‍ ഉണ്ട് എന്നു കഴിഞ്ഞ ദിവസം ജന്മഭൂമിയില് വന്ന റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലായി. നഗരമാകെ കാവിമയമാക്കണമെന്നായിരുന്നു അദ്ദേഹത്തിന് രാംഭാവുവിന്റെ നിര്‍ദ്ദേശം. അക്കാലത്ത് കോഴിക്കോട് നഗരത്തിന് 50 ഡിവിഷനുകളും രണ്ടു മണ്ഡലങ്ങളുമായിരുന്നു.
ഓരോ ഡിവിഷനിലും രണ്ട് കവാടങ്ങള്‍ വീതം 100 കവാടങ്ങള്‍ നഗരവീഥികളില്‍ നിര്‍മിക്കാനാണ് ഗംഗാധരന് തീരുമാനിച്ചത്. ഓരോന്നിനും പേരുകളും നല്കി. അതത് സ്ഥാനീയ സമിതിയിലെ പ്രവര്‍ത്തകര്‍ ഉത്സാഹിച്ചു. നഗരമാരംഭിക്കുന്ന മീഞ്ചന്തയിലെ തിരുവഞ്ചിറ സാമൂതിരി കോവിലകത്തിനടുത്ത് നിര്‍മിച്ച കവാടത്തിന് മാനവിക്രമ കവാടം എന്ന പേര് നല്‍കിയത്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോടിനെ വിശ്വപ്രസിദ്ധ തുറമുഖവും വാണിജ്യ കേന്ദ്രവും സൈനികശക്തിയുമാക്കിയ മാനവിക്രമന്‍ സാമൂതിരിക്കുള്ള ആദരവായി. അതിന് മുമ്പോ ശേഷമോ സമാനമായ ആദരവ് ആരെങ്കിലും നല്‍കിയതായി അറിവില്ല.
കൊടിതോരണങ്ങള്‍ക്കാവശ്യമായ കാവിത്തുണി പ്രശ്നമായി. നഗരത്തിലെ തുണിക്കടകള്‍ക്ക് അത് നല്‍കാനായില്ല. വെള്ള കോറത്തുണി വാങ്ങി ഡൈ ചെയ്താണ് ആവശ്യം നിറവേറ്റിയത്. 24 മണിക്കൂറും അധ്വാനിച്ചു കൊടികള്‍ തയ്യാറാക്കാന്‍. ജനസംഘം പ്രവര്ത്തകന് താരു ഡേവിഡ് എന്ന തയ്യല്‍ക്കാരനും സഹായികളും ഉത്സാഹിച്ചു. അതിന് ദീപം ചിഹ്നം അടയാളപ്പെടുത്താനും സ്റ്റെന്‍സിലും സ്പ്രെപെയിന്റും എന്ന അക്കാലത്തെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു.
കൊടികള്‍ നാട്ടാനായി വേണ്ടിവരുന്ന ആയിരക്കണക്കിന് ഈറക്കണകള്ക്കായി ഗംഗാധരന് നടത്തിയ അന്വേഷണം, വാസുദേവ രഘുനാഥ ഗോറെ എന്ന മുതിര്‍ന്ന സ്വയം സേവകന് പരിഹരിച്ചു. കോഴിക്കോട്ടെ പ്രമുഖ വസ്ത്രവ്യാപാരശാല പെസിഫിക് സ്റ്റോര്ഡിന്റെ ഉടമയായിരുന്ന അദ്ദേഹത്തെ വയനാട്ടില്‍ വൈത്തിരിക്കടുത്തുണ്ടായിരുന്ന സ്ഥലത്തുനിന്നും ആവശ്യത്തിന് ഈറക്കണകല് വെട്ടിയെടുക്കാന്‍ അനുവദിച്ചു. മണ്ടിലേടത്തു ശ്രീധരനും ഗംഗാധരനും ഒത്തു ശ്രമിച്ചപ്പോള്‍ ഏതാനും ലോഡ് ഈറയെത്തി. കാവി ബാനറുകളും തോരണങ്ങളുമില്ലാത്ത ഒരു മുഴംറോഡുപോലും കോഴിക്കോട് അവശേഷിച്ചില്ല.
കഥകളിയും ചുണ്ടന്‍വള്ളവും കായലും കടലും പശ്ചാത്തലമായി നാലുവര്ണങ്ങളിലുള്ള പോസ്റ്റര്‍, കലാകാരന് വാസു പ്രദീപ് തയ്യാറാക്കിയത് കേസരി മാനേജരായിരുന്ന എം. രാഘവേട്ടന് ശിവകാശിയില്‍നിന്നും അച്ചടിപ്പിച്ചെത്തിച്ചു. ഇത്തരത്തിലുള്ള കലാസുഭഗമായ പോസ്റ്റര്‍ കേരളത്തില്‍ ആദ്യമായിരുന്നു. കേന്ദ്ര സമിതിയുടേതായി ദല്‍ഹിയില്‍ തയ്യാറാക്കിയതിനേക്കാള്‍ മികച്ചതായിരുന്നു അവ.
ഗ്രാമാന്തരങ്ങളിലെ പ്രചാരണയോഗങ്ങളില്‍ തന്റെ അന്യാദൃശമായ വാഗ്ധോരണികൊണ്ട് ജനങ്ങളെ പ്രബുദ്ധരാക്കിയ കെ.സി.ശങ്കരേട്ടന്, ബേപ്പൂരിലെ അപ്പു വൈദ്യര്, ബാലകൃഷ്ണപ്പണിക്കര്‍, പാറോപ്പടി വാസുവേട്ടന്, റാണാ അച്ചുതന്, വെള്ളയിലും തോപ്പയിലും കടപ്പുറത്തെ ഊര്‍ജസ്വലരായ തെങ്ങില്‍ ലക്ഷ്മണനും എന്‍.പി. ഷണ്മുഖനും ശങ്കരനും കുറ്റിച്ചിറയിലെ ശിവദാസനും അങ്ങനെ എണ്ണമറ്റ പ്രവര്‍ത്തകരുടെ അധ്വാനതരളിതമായ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവരുന്നു. ഏതുസമയത്തും എന്തു ചുമതലയും നിര്‍വഹിക്കാന്‍ സന്നദ്ധരായിരുന്ന കടലുണ്ടി നളരാജന്, കാര്യാലയത്തിലെ ഗോപി തുടങ്ങി ഓര്‍ക്കുന്തോറും തെളിഞ്ഞുവരുന്ന മുഖങ്ങള്‍ അനവധിയാണ്. അവര്‍ക്കൊക്കെ അരനൂറ്റാണ്ടെത്തുന്ന വേളയില്‍ നമോവാകം എന്നല്ലാതെ എന്തെഴുതാന്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: