കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ ഓണാഘോഷത്തോടനുബന്ധിച്ച് ഇന്ന് സംഘടിപ്പിക്കുന്ന നാടന്‍ കൂട്ടായ്‌മയുടെ ചരിത്ര പൂക്കളമായ സ്‌നേഹപാലിക-2016 ഓണപ്പൂക്കള മത്സരത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വേദി ഒരുങ്ങി. 60,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രത്യേക പ്ലാറ്റ്‌ഫോമോടുകൂടിയ പന്തലില്‍ ഇന്ന് 2000 അയല്‍ക്കൂട്ടങ്ങളിലെ 10,000 ഓളം വരുന്ന സ്ത്രീകളാണ് മത്സരത്തില്‍ പങ്കെടുക്കുക. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിക്കും. 9.30ന് രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കും. തുടര്‍ന്ന് മത്സരം ആരംഭിക്കും. രാവിലെ 9.30ന് കോളജ് ഗ്രൗണ്ടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ജില്ലയിലെ മന്ത്രിമാര്‍, എം.പി, എംഎല്‍എമാര്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമാണ് മത്സരത്തിനായി അനുവദിച്ചിട്ടുള്ളത്. 60 അംഗ വനിതകളടങ്ങുന്ന ജഡ്ജിംഗ് പാനല്‍ വിജയികളെ തെരഞ്ഞെടുക്കും. മത്സരം നടക്കുന്ന ഘട്ടത്തില്‍ മത്സര വേദിയില്‍ മത്സരാര്‍ത്ഥികളല്ലാത്ത മറ്റാര്‍ക്കും ഗ്രൗണ്ടിലേക്ക് പ്രവേശനമില്ല. ഏഞ്ചല്‍സിന്റെ മെഡിക്കല്‍ ടീം മുഴുവന്‍ സമയവും ഗ്രൗണ്ടിലുണ്ടാകും. സംഘാടനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറുകളും തുടങ്ങിയിട്ടുണ്ട്. : 9745304214, 9745304200.
















