വഞ്ചിപ്പാട്ടിന്റെ ശീലുകളും വള്ളം തുഴയലിന്റെ താളവും ചേര്‍ന്ന ഓണമാണ് കുട്ടനാടിന്റേത്. ചമ്പക്കുളം മൂലം നാള്‍ മുതല്‍ ആരംഭിക്കുന്ന വളളം കളികള്‍ കന്നി മാസത്തിലെ തിരുവോണ ദിവസം( ഇരുപത്തെട്ടാം ഓണം) കല്ലടയാറ്റില്‍ നടക്കുന്ന കല്ലടജലോത്സവത്തോടെയാണ് അവസാനിക്കുന്നത്.
വലുതും ചെറുതുമായ 44 നദികളുളള കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പോലെ എവിടെയെങ്കിലും വളളംകളിയ്‌ക്ക് ഇത്രപെരുമയുണ്ടോയെന്ന് അറിയില്ല. ഓണദിനങ്ങള്‍ക്ക് ഇരട്ടി മധുരവുമായി എത്തുന്ന ആറന്മുള ഉത്രട്ടാതി വളളം കളി ഈ മേഖലയിലുളളവരുടെ സ്വകാര്യ അഹങ്കാരമാണ്. വളളവും വെളളവും ജീവിതത്തിന്റെതന്നെ ഭാഗമായ കുട്ടനാട്ടുകാര്‍ക്ക് വളളം കളിയില്ലാതെ എന്താഘോഷം.
ആറന്മുളയപ്പനുമായി ബന്ധപ്പെട്ട വളളസദ്യയും, തിരുവോണത്തോണിയുമെല്ലാം ഇവിടുത്തെ പഴമക്കാര്‍ക്ക് പറയാന്‍ ഏറെയുളള വിഷയങ്ങളാണ്. ഇങ്ങനെയാണെങ്കിലും ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ ഊരാണ്മയുളള തറവാട്ടു കാരണവര്‍ തിരുവോണ ദിവസം ഉപവാസത്തിലാണ്. പണ്ടൊരു കാരണവര്‍ ചെയ്ത വലിയൊരു തെറ്റിന് ഇന്നത്തെ തലമുറയും പ്രായശ്ചിത്തം ചെയ്യുന്നു.
ഒരു തിരുവോണ ദിവസം അവരുടെ പടിപ്പുരയില്‍ വിശന്ന് വലഞ്ഞെത്തിയ ഒരു സ്ത്രീയ്‌ക്ക് ഭക്ഷണം നല്‍കാതെ കാരണവര്‍ മടക്കി അയച്ചു. ആ സ്ത്രീ പൊരിഞ്ഞ വയറുമായി പടിപ്പുര വാതിലില്‍ വീണു മരിച്ചു. അതിനുളള പ്രായശ്ചിത്തമാണ് തലമുറകളായി ഈ കുടുംബത്തിലെ തലമുതിര്‍ന്ന വ്യക്തി തിരുവോണ നാളില്‍ ഉണ്ണാവൃതം അനുഷ്ഠിക്കുന്നത്.
ചുണ്ടനും ചുരുളനും ഇരുട്ടുകുത്തിയും ഓടിയും വെപ്പും വടക്കനോടിയും, കൊതുമ്പു വളളവുമെല്ലാം ശരവേഗത്തില്‍ ഓളങ്ങളെ പുളകച്ചാര്‍ത്തണിയിച്ച് മുന്നോട്ട് പായുമ്പോഴേ കുട്ടനാടന്‍ ജനതയ്‌ക്ക് ഓണം പൂര്‍ണ്ണമാകൂ. സദ്യയ്‌ക്ക് വിഭവങ്ങള്‍ കുറഞ്ഞാലും ആറ്റിലെ വളളങ്ങളുടെ എണ്ണം കുറയാന്‍ അവര്‍ സമ്മതിക്കില്ല. ഓരോ കരയുടെയും അഭിമാന പ്രശ്‌നമാണ് അവരിറക്കുന്ന സ്വന്തം വളളങ്ങള്‍.
ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് നെഹ്‌റു ട്രോഫി വളളം കളി അരങ്ങേറുന്നത്. പമ്പയാറ്റിലാണ് ആറന്മുള ഉത്രട്ടാതി വളളം കളി. നീരേറ്റുപുറത്തെ പമ്പയാറ്റിലും വളളം കളിയുണ്ട്. ചമ്പക്കുളം മൂലം വളളം കളിയും കുമരകം ജലോത്സവവും പായിപ്പാട് വളളം കളിയും ഓണത്തിന് അകമ്പടിയാകുന്നു.
ഓണാട്ടുകരക്കാരുടെ പ്രധാന ഓണവളളംകളിയാണ് കരുനാഗപ്പളളി കന്നേറ്റിക്കായലില്‍ അരങ്ങേറുന്ന ചതയം വളളം കളി. കോട്ടയത്തെ താഴത്തങ്ങാടി ജലോത്സവവും എടുത്ത് പറയേണ്ടതുണ്ട്.
ഓരോ ഓണവും വളളംകളിയുടെ അകമ്പടിയോടെ ഹൃദയത്തോട് ചേര്‍ത്ത്‌വച്ചാണ് ഇവര്‍ ആഘോഷിക്കുന്നത്.
















