മലപ്പുറം: ആദിവാസിമേഖലയില്‍ ചികിത്സക്കും മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വാഹനം കട്ടപ്പുറത്തായിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുന്നു. മലപ്പുറം സിവില്‍ സ്റ്റേഷന് വളപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്. മിനി സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യമുള്ള ഇത് അധികൃതരുടെ അനാസ്ഥയില്‍ നശിക്കുകയാണ്.
2003 മെയിലാണ് വാഹനം ലഭിച്ചതെന്ന് പൊതുപ്രവര്‍ത്തകനായ അരിയല്ലൂര്‍ സ്വദേശി എം.വേലായുധന് നല്കിയ വിവരാവകാശ അപേക്ഷക്ക് കിട്ടിയ മറുപടിയില്‍ പറയുന്നു. വെറും 51 ദിവസം മാത്രമാണ് വാഹനം ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന് പ്രത്യേകിച്ചൊരു പ്രശ്നമൊന്നുമില്ല. പക്ഷേ ഉപയോഗിക്കാത്തതിനാല്‍ ഇന്ന് അത് പൂര്‍ണമായും നശിച്ചുകഴിഞ്ഞു. എന്തിന്റെ പേരിലാണെങ്കിലും ലക്ഷങ്ങള്‍ വിലയുള്ള പൊതുമുതല്‍ നശിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.
ആദിവാസിമേഖലയിലെ ആരോഗ്യം ദിവസന്തോറും വഷളാകുന്ന സാഹചര്യത്തില്‍ മിനി സര്‍ജറി വിഭാഗം പോലും പ്രവര്‍ത്തിക്കുന്ന വാഹനം വെറുതെ നശിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇനി വാഹനം എന്ന് പ്രവര്‍ത്തനക്ഷമമാകുമെന്ന ചോദ്യത്തിന് അധികൃതര്‍ വ്യക്തമായൊരു ഉത്തരം നല്‍കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: