കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച ‘ഒരു മുത്തശ്ശി ഗദ’യുടെ അണിയറ പ്രവർത്തകർ മലയാള സിനിമാ ചരിത്രത്തിലാദ്യമായി പ്രേക്ഷകർക്ക് സിനിമയിലെ ഗാനദൃശ്യങ്ങൾ കണ്ടു കൊണ്ട് പാട്ടെഴുതാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്.
ഷാൻ റഹ്മാൻ ഈണം പകർന്ന “ജം തകിട ജം” എന്ന വീഡിയോ ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബലായ Muzik247 (മ്യൂസിക് 247)ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയുടെ ഈണത്തിനും ദൃശ്യങ്ങൾക്കും അനുയോജ്യമായ വരികൾ പ്രേക്ഷകർക്ക് യൂട്യൂബ് പേജിൽ കമന്റ് ചെയ്യാം. അല്ലെങ്കിൽ, ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജായ https://www.facebook.com/orumuthassigadha ല്‍ കമന്റ് / മെസ്സേജ് ചെയ്യാം. ഇത് കൂടാതെ varitharoo@gmail.comലേക്ക് ഇമെയിൽ അയക്കാം. ഫേസ്ബുക്കിൽ #VariTharoo എന്ന ഹാഷ് ടാഗ് ഉപയോഗിച്ചും വരികൾ പോസ്റ്റ് ചെയ്യാം.
സെപ്റ്റംബർ 11 ഞായർ വൈകുന്നേരം ആറ് മണി വരെയാണ് വരികൾ നിർദ്ദേശിക്കാനുള്ള സമയപരിധി. ഇവയിൽ നിന്ന് ഏറ്റവും ഉചിതമായവ കൊണ്ട് ഗാനം രചിക്കും. ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ തെരഞ്ഞെടുക്കപ്പെട്ട വരികളും രചയിതാക്കളുടെ പേരുകളും വെളിപ്പെടുത്തുന്നതായിരിക്കും .
“പലപ്പോഴും സിനിമയുടെ റിലീസിനു ശേഷം പ്രേക്ഷകർ തന്നെ ഗാനങ്ങളെ കുറിച്ച് അവരുടെ നിർദേശങ്ങൾ കൊണ്ടു വരാറുണ്ട്. ഈ സംരംഭത്തിലൂടെ അവർക്ക് അവരുടേതായ വരികൾ ഞങ്ങളെ അറിയിക്കാൻ അവസരം ഒരുക്കുകയാണ്. ഹാസ്യകരമായി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ അവരുടെ ക്രിയേറ്റിവിറ്റി കൊണ്ട് കൂടുതൽ രസകരമാവും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,”- ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട്, ലെന, രാജനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപർണ്ണ ബാലമുരളി, അപ്പു, രാജീവ് പിള്ള, വിജയരാഘവൻ, രഞ്ജി പണിക്കർ, ലാൽ ജോസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ‘ഒരു മുത്തശ്ശി ഗദ’യിൽ അണിനിരക്കുന്നുണ്ട്. E4 Entertainment (ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്)ന്റെ ബാനറിൽ മുകേഷ് ആര് മേത്ത നിർമ്മിച്ച ഈ ചിത്രം സപ്തംബര്‍ 15ന് തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: