ഗുരുവായുര്‍: റേഷന്‍കടകളില്‍ കരിഞ്ചന്ത വില്‍പ്പന പൊടിപൊടിക്കുന്നു.ഓണത്തിനു പച്ചരി,ഗോതമ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തുന്നതോടെ ഒരു നിയന്ത്രണവും ഇല്ലാത്ത വിധത്തിലാകും കരിഞ്ചന്ത കച്ചവടം കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബിപിഎല്‍ വിഭാഗത്തിനു സൗജന്യമായി 25 കിലോ അരി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് കൃത്യമായി ലഭിച്ചവര്‍ അപൂര്‍വ്വമാണ്.
പരമാവധി 20 കിലോ അരിയാണ് ഇവര്‍ക്ക് നല്‍കുന്നത്.എഎവൈ കാര്‍ഡുകാര്‍ക്ക് 35 കിലോ അരിയില്‍ നല്‍കുന്നത് 25 കിലോയും എപിഎല്‍ സബ്സിഡിക്കാര്ക്ക് നല്‍കേണ്ട എട്ട് കിലോ അരി ഉടമകളിലേക്ക് എത്തുമ്പോള്‍ അഞ്ചായി ചുരുങ്ങുന്നു.ബിപിഎല്‍ വിഭാഗക്കാര്‍ക്ക് കിലോക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കേണ്ട എട്ട് കിലോ ഗോതമ്പ് മുഴുവന്‍ കിട്ടിയവര്‍ ഇെല്ലന്നതാണ് വസ്തുത..മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെ വിതരണം ഇതിലും കഷ്ടമാണ്.രണ്ട് മാസം മുന്‍പത്തെ കണക്കിലെ സാധനമാണ് വിതരണം ചെയ്യുന്നത്.
റേഷന്‍ വിതരണം സംബന്ധിച്ച അറിയിപ്പ് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്നാണ് അവരുടെ വിചാരം. .25 കിലോ അരി നല്‍കണമെന്ന് പത്രത്തിലുണ്ടല്ലോ എന്ന് ചോദിച്ചാല്‍ അത് പത്രം ഓഫിസിലായിരിക്കും കിട്ടുക എന്നാണ് പല റേഷന്‍കടക്കാരുടെയും മറുപടിയെന്ന് കാര്‍ഡ് ഉടമകള്‍ പറയുന്നു. പരാതി നല്കിയാല് ഉള്ള അരി മുടങ്ങുമോ എന്ന ഭയമാണ് പലരെയും പിന്തിരിപ്പിക്കുന്നത്.
വിതരണത്തിനെത്തുന്ന സാധനങ്ങളുടെ വിവരം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വാങ്ങുന്ന സാധനത്തിനു ബില്ല് നല്കുന്ന പതിവും മിക്ക റേഷന്‍ കടകളിലും ഇല്ല.വ്യാജബില്ല് എഴുതാന്‍ മാത്രമായി ആളെ നിയമിക്കുകയാണ് പതിവ്.
കാര്‍ഡ് ഉടമകള്‍ക്ക് മുഴുവന്‍ സാധനങ്ങളും നല്‍കിയതായാണ് ബില്ലില്‍ കാണിക്കുന്നത്. ഈ സാധനങ്ങളാണ് കരിഞ്ചന്തക്ക് മറിച്ച് വില്‍ക്കുന്നത്.റേഷന്‍ കട നടത്തുന്നത് നഷ്ടമാണെന്നാണ് കരിഞ്ചന്ത വില്‍പ്പനയെ ന്യായീകരിച്ച് കടയുടമകള്‍ പറയുന്നതത്രെ. റേഷന്‍ കടകള്‍ രാവിലെ എട്ട് മുതല്‍ 12 വരെയും നാല് മുതല്‍ രാത്രി എട്ട് വരെയും പ്രവര്‍ത്തിക്കണമെന്ന നിയമവും കടലാസില്‍ മാത്രമെയുള്ളൂ. രാവിലെ തുറക്കാന്‍ വൈകുന്നതും നേരത്തെ അടക്കുന്നതും തൊഴിലാളികളായ കാര്‍ഡുടമകളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
തുറക്കുന്നതോ അടക്കുന്നതോ ആയ ഏതെങ്കിലും ഒരു സമയമെങ്കിലും പാലിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്..തിങ്കളാഴ്ചകളില്‍ ഓഫിസില്‍ കണക്കു നല്‍കാനെന്ന പേരിലുള്ള പ്രത്യേക അവധിയും ജനത്തെ ബുദ്ധിമുട്ടിക്കുന്നു. അങ്ങനെ ഒരു അവധി ഇല്ലെന്നതാണ് വാസ്തവം.പരിശോധന നടത്താന്‍ വേണ്ടത്ര ഇന്‍സ്പെക്ടര്‍മാര്‍ ഇല്ലെന്നാണ് സിവില്‍ സപ്ലെസ് പറയുന്നത്.
പരാതി ലഭിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച് പരിശോധന നടത്തുന്നതാണ് റേഷന്‍കടകളിലെ ക്രമക്കേട് കണ്ടെത്താന്‍ കഴിയാത്തിനു കാരണമെന്ന് കാര്‍ഡുടമകളുടെ ആക്ഷേപം.റേഷനിംങ് ഇന്‍സ്പെക്ടര്‍മാരും കടക്കാരും തമ്മിലുള്ള അതിരുവിട്ട സൗഹൃദവും കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: