നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വൃദ്ധക്ക് സര്‍ക്കാര്‍ ധനസഹായം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് സ്വര്‍ണമാല കവര്‍ന്നതായി പരാതി. വണ്ടൂര്‍ പഞ്ചായത്തിലെ തൃക്കെക്കുത്ത് സ്വദേശിനിയായ കണ്ണമ്പറമ്പത്ത് കാര്‍ത്യായനി(68)യുടെ ഏഴ് ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. വൃദ്ധരായ രോഗികള്‍ക്ക് ധനസഹായമായി സര്‍ക്കാര്‍ 1.35 ലക്ഷം രൂപ കൊടുക്കുന്നുണ്ടെന്നും അതു വാങ്ങിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും അസുഖവിവരങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു. ഇന്നു തന്നെ പണം കിട്ടുമെന്നും അതിന് ആവശ്യമായ രേഖകള്‍ ശരിയാക്കാനുന്നതിനായി 6000 രൂപ ആവശ്യമുണ്ടെന്നും പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ തന്റെ കൈവശം പണമില്ലെന്ന് കാര്‍ത്ത്യായനി പറഞ്ഞതോടെ പ്രതി തന്റെ കൈവശമുളള മോതിരം വിറ്റ് പണം തരാംമെന്നും എന്നാല്‍ ഇതു തികയാത്തതിനാല്‍ 6000 രൂപ ആവശ്യമുള്ളതിനാല്‍ വൃദ്ധയുടെ കഴുത്തിലെ മാലകൂടി പണയം വെച്ച് തുക തികക്കാമെന്നും സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാലതിരികെയെടുക്കാം എന്നും പറഞ്ഞാണ് മാല കൈക്കലാക്കിയത്. കൂടുതല്‍ വിശ്വാസം വരുത്തുന്നതിനായി മകന്റെ പേര് ചോദിക്കുകയും മകനെ തനിക്ക് അറിയാമെന്നും പറഞ്ഞതായും കാര്‍ത്ത്യായനി പോലീസിന് മൊഴിനല്‍കി. സ്റ്റാമ്പു വാങ്ങി വരാമെന്നു പറഞ്ഞ് പ്രതി കടന്നു കളയുകയായിരുന്നു. വൃദ്ധയുടെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: