തിരുവനന്തപുരം: ജൈവസാങ്കേതിക വ്യവസായങ്ങളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഐഡിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജൈവസംരംഭക സംഗമം വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര സാങ്കേതിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീ ചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിക്ക് മെഡിക്കല്‍ ഉപകരണങ്ങളുടെ മേഖലയില്‍ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം കെഎസ്ഐഡിസിയാണ് നല്‍കുന്നത്. ഈ മേഖലയിലെ പഠന ഗവേഷണങ്ങള്‍ക്കായി ഈ ഇന്‍കുബേറ്ററില്‍ ആറു സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവരുമെന്നും അതിലൂടെ സംസ്ഥാനം മെഡിക്കല്‍ ഉപകരണങ്ങളുടെ മേഖലയില്‍ ഒരു പ്രധാന ഹബ്ബായി മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി(വ്യവസായം) പോള്‍ആന്റണി അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്റസ് കൗണ്‍സില്‍ (ബിഐആര്‍എസി) മിഷന് ഡയറക്ടര്‍ ഡോ.ശീര്‍ഷേന്ദു മുഖര്‍ജി, കെഎസ്ഐഡിസി എംഡി ഡോ. എം.ബീജ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ലോകത്തിലെ 34 ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ അംഗീകരിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ ജൈവസമൃദ്ധിക്കൊപ്പം ശ്രീചിത്ര സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യവും കേരളത്തെ ഇന്ത്യയിലെ ലൈഫ് സയന്‍സസ് ഹബ്ബായി ഉയര്‍ത്താന്‍ പര്യാപ്തമാണ്.
ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്ക് സജ്ജീകരിക്കുന്നതിനുള്ള ചുമതല കെഎസ്ഐഡിസിയെ ആണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: