കാസര്‍കോട്: ജില്ലയിലെ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളിലുള്ള എം എന്‍ ലക്ഷംവീട് കോളനികള്‍ പുനരുദ്ധരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എംഎന്‍ ലക്ഷം വീട് കോളനി പുനരുദ്ധാരണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മടിക്കൈ പഞ്ചായത്തിലെ ബങ്കളം, എരിക്കുളം, പടന്ന പഞ്ചായത്തിലെ വടക്കെപ്പുറം, നീലേശ്വരം നഗരസഭയിലെ പാലത്തടുക്കം പുത്തിരിയടുക്കം, പൈവളിഗ പഞ്ചായത്തിലെ ബായിക്കട്ട, പിലീക്കോട് പഞ്ചായത്തിലെ ചൂരിക്കൊവ്വല്‍, പുത്തിഗെ പഞ്ചായത്തിലെ കട്ടത്തടുക്ക, ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കം തലക്ലായി, ചെങ്കള പഞ്ചായത്തിലെ എരിയപ്പാടി എന്നീ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കും.
76.80 ലക്ഷം രൂപയാണ് ജില്ലയില്‍ ഇതിനായി അനുവദിക്കുന്നത്. പള്ളിക്കര പഞ്ചായത്തിനേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2008 ല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലക്ഷം വീട് പുനരുദ്ധാരണ ബംബര്‍ ഭാഗ്യക്കുറി വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച 6,16,63,260 രൂപ ഉപയോഗിച്ച് വിവിധ ജില്ലകളില്‍ കോളനി നവീകരണം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ള സംവിധാനം ഒരുക്കല്‍, വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, റോഡ് നിര്‍മ്മാണം, കല്‍വര്‍ട്ട് നിര്‍മ്മാണം, ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, നടപ്പാത നവീകരണം തുടങ്ങിയ പ്രവര്‍ത്തികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. യോഗത്തില്‍ സംസ്ഥാന ഭവന നിര്‍മ്മാണ ചീഫ് എഞ്ചിനീയര്‍ രാജീവ് കരീല്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി പി യൂസഫ്, ജില്ലാ കളക്ടര്‍ ജീവന് ബാബു കെ, സബ്കളക്ടര്‍ മൃണ്മയി ജോഷി, എഡിഎം കെ അംബുജാക്ഷന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: