മുന്‍കാലങ്ങളില്‍ വിവാഹമോചനം മോശം കാര്യമായാണ് കരുതിയിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറി. വിവാഹമോചനത്തോടുള്ള സമീപനം മാറി. നിസാര പ്രശ്നങ്ങള്‍ക്കുപോലും ബന്ധം വേര്‍പ്പെടുത്തലാണ് പരിഹാരം എന്ന സ്ഥിതിവിശേഷം. കുടുംബത്തിന് വേണ്ടി സഹിക്കാനുള്ള മനസ് കൈമോശം വന്നു. ത്യാഗം ഉണ്ടെങ്കിലേ കുടുംബം മുന്നോട്ട് പോകൂ. പല സുഖങ്ങളും സ്വാര്ത്ഥതാല്പര്യങ്ങളും വേണ്ടെന്നുവച്ചാണ് പണ്ടുള്ളവര്‍ കുടുംബം നയിച്ചിരുന്നത്. അവിടെ അച്ഛനും അമ്മയും കുട്ടികളും തമ്മില്‍ നല്ല ബന്ധം നിലനിന്നു.
കുടുംബത്തില്‍ കെട്ടുറപ്പുണ്ടായിരുന്നു. കെട്ടുറപ്പുള്ള കുടുംബങ്ങള്‍ അടിസ്ഥാനമായി നിന്നാലേ സമൂഹവും നന്നായി വരൂ. എന്നാലിന്ന് ഇക്കാര്യങ്ങള്‍ക്ക് വേണ്ടത്ര മുന്‍ഗണന ആരും നല്‍കുന്നില്ല. സഹനശക്തി കുറഞ്ഞതും വിവാഹമോചനത്തിന് കാരണമാവുന്നു.
സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ചപ്പോള്‍ ഒന്നും സഹിക്കേണ്ടതില്ലെന്ന ചിന്ത ശക്തമായി. വേര്‍പിരിയാന്‍ തീരുമാനിക്കുന്നവര്‍ കുട്ടികളെക്കുറിച്ചും ആലോചിക്കുന്നില്ല. മൂന്നാമതൊരാളുടെ ഇടപെടല്‍ കാര്യങ്ങള്‍ പലപ്പോഴും വഷളാക്കും. അവര്‍ ആരുടെയെങ്കിലും ഭാഗം ഏറ്റുപിടിക്കുമ്പോള്‍ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ സാധിക്കില്ല. ഇതിലൂടെ പരിഹാരമല്ല, വിഘടനമാണ് സംഭവിക്കുന്നത്. ഈ വൈകാരിക തലം കഴിഞ്ഞ് ചിന്തിക്കുമ്പോഴായിരിക്കും സംഭവിച്ചുപോയ അബദ്ധം മനസ്സിലാകുക. അതില്‍ പശ്ചാത്തപിച്ച് യോജിക്കണമെന്നാഗ്രഹിക്കുന്നവരും ഉണ്ട്.
താരങ്ങളായതുകൊണ്ടാണ് വിവാഹമോചനം വാര്‍ത്തയാകുന്നത്. അല്ലാത്തവരുടെയിടയിലും വേര്‍പിരിയല്‍ വര്‍ധിക്കുന്നു. പിരിയുന്നതിനുള്ള കാരണങ്ങളും പ്രശ്നങ്ങളും ഓരോരുത്തര്‍ക്കും വിഭിന്നമായിരിക്കും. വ്യക്തികളുടെ മനസ്സിനെ ഇഴപിരിച്ചുനോക്കിയെങ്കില് മാത്രമേ അത് വ്യക്തമാവൂ. പൊരുത്തപ്പെടാന്‍ തയ്യാറല്ലാത്തതാണ് പ്രധാന പ്രശ്നം. സ്വാര്ത്ഥതാല്പര്യങ്ങള് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ സ്വന്തം സുഖം മാത്രമായിരിക്കും മുഖ്യം.
അംഗീകാരമില്ലായ്മ, സ്നേഹമില്ലായ്മ, പങ്കാളിയുടെ സാന്നിധ്യം അനുഭവപ്പെടാതിരിക്കുക, അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഇതെല്ലാം പരിധി കടക്കുമ്പോള്‍ അടുത്തപടി ആ ബന്ധത്തില്‍ നിന്നുള്ള മോചന ശ്രമമാണ്.
ഭാര്യയായാലും ഭര്‍ത്താവായാലും പരസ്പരം അംഗീകാരം ആഗ്രഹിക്കുന്നവരാണ്. പല ബന്ധങ്ങളിലും ഇത് വേണ്ട അളവില്‍ നല്കാന് സാധിക്കുന്നില്ല. വിവാഹത്തിന് മുമ്പേ കുടുംബങ്ങള്‍ തമ്മില്‍ കണ്ടും അറിഞ്ഞുമാണ് ബന്ധം ഉറപ്പിക്കുക. അപ്പോഴൊന്നും കാണാത്ത കുറ്റമായിരിക്കും വിവാഹശേഷം പരസ്പരം ആരോപിക്കുക. എന്ത് അര്‍ത്ഥമാണുള്ളത്? ഒരിക്കലും മാറ്റാന്‍ സാധിക്കാത്ത സാഹചര്യങ്ങളെയാണ് പലരും പഴിക്കുന്നത്. ഇത് ബന്ധം കൂടുതല്‍ മോശമാക്കുകയേയുള്ളു.
വിവാഹജീവിതത്തില്‍ വൈകാരികമായ പിന്തുണയാണ് ഇരുവരും തേടുന്നത്. ശാരീരിക ആവശ്യത്തെക്കാള്‍ മുന്നിട്ടുനില്ക്കുന്നതും ഇതാണ്. പരസ്പരം അംഗീകരിക്കാനുള്ള മടിയാണ് വില്ലന്‍. സിനിമാതാരങ്ങളുടെ ഇടയിലും ഇതാവാം സംഭവിക്കുന്നത്. വിവാഹം കഴിയുന്നതോടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്നത് ചിലരിലെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാത്തിടത്തോളം കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാവില്ല.
പലരും സ്വന്തം കുറവ് തിരിച്ചറിയുന്നില്ല. മറുഭാഗത്തിന്റെ പോരായ്മകള്‍ കൃത്യമായി മനസ്സിലാക്കുകയും ചെയ്യും. വിവാഹമോചന കേസ് കോടതിയിലെത്തുമ്പോള്‍ ഇരുകൂട്ടരിലും വിട്ടുവീഴ്ചയ്ക്ക് പകരം ജയിക്കണമെന്ന വാശിയേ കാണൂ. സ്വന്തം വീട്ടില്‍ കിട്ടുന്ന അതേ പരിഗണനയും ലാളനയും ഭര്ത്താവിന്റെയടുത്തുനിന്നോ ഭാര്യയുടെ പക്കല്‍ നിന്നോ ലഭിക്കണമെന്നാവും ആഗ്രഹം. സ്നേഹം കൊടുക്കുന്നതിനേക്കാള്‍ ഇഷ്ടം നേടുന്നതാണ്. ഇതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ജീവിതത്തില്‍ സാമ്പത്തിക പ്രയാസം ഇല്ലെങ്കിലും മറ്റുവിധത്തിലുള്ള വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാകും. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ എന്തിന്റെ കുറവാണെന്ന് തോന്നാം. ഓരോ വ്യക്തിക്കും അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങളും ആശകളും ആകുലതകളും ഒക്കെയുണ്ടാവും. അതൊന്നും ശരിയാംവണ്ണം പരിഹരിക്കപ്പെടാതെവരുമ്പോഴാവും ആ ചുറ്റുപാടില്‍ നിന്ന് മോചനം ആഗ്രഹിക്കുക. ഇന്ന് ആരും ഒതുങ്ങിക്കൂടി ജീവിക്കാന്‍ താല്പര്യപ്പെടുന്നില്ല.
വൈകാരിക ഭദ്രതയുളള കുടുംബത്തില്‍ ബാക്കിയെല്ലാ കാര്യങ്ങള്‍ക്കും രണ്ടാമതാവും പരിഗണന. അവിടെ സന്തോഷം നിലനില്ക്കും. പരസ്പര സ്നേഹ ബഹുമാനത്തോടെ എല്ലാം തുറന്ന് പറഞ്ഞ് വ്യക്തിയെ അംഗീകരിക്കുകയാണ് വേണ്ടത്. ഈ പ്രക്രിയയില്‍ പാളിച്ച സംഭവിക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്.
മദ്യപാനവും വിവാഹേതര ബന്ധങ്ങളും സംശയരോഗവും, മാനസിക പ്രശ്നങ്ങളും കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. വിവാഹജീവിതത്തില്‍ മടുപ്പുതോന്നുമ്പോഴോ അല്ലെങ്കില്‍ നേരമ്പോക്കിനുവേണ്ടിയോ തുടങ്ങുന്ന ബന്ധം വഴിവിട്ട തലങ്ങളിലേക്ക് മാറിപ്പോകുകയും പിന്നീട് കരകയറാന്‍ പറ്റാത്ത സ്ഥിതിയിലെത്തുകയും ചെയ്യുന്നു. സമൂഹത്തിലെ നിലയും വിലയുമാണ് ബാലിശമായ പ്രവൃത്തിയിലൂടെ നഷ്ടമാകുന്നത്. ഭര്‍ത്താവിന്റെ മദ്യപാനം നിമിത്തം വിവാഹമോചനം നേടുന്നവരും കുറവല്ല.
പരിഹാരം
പ്രശ്നങ്ങള്‍ രൂക്ഷമാകും മുമ്പേ പ്രതിവിധി കണ്ടെത്താനുള്ള ശ്രമം വേണം. വിവാഹമോചന കേസ് കുടുംബ കോടതിയിലെത്തുമ്പോള്‍ ദമ്പതികളെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി കൗണ്‍സലിങ് നടത്താറുണ്ട്. കൂട്ടി യോജിപ്പിക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയിലാവും ഇത്. വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കും മുമ്പ് ഇരുകൂട്ടരും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിച്ച് നെല്ലും പതിരും തിരിച്ച് പരിഹാരം തേടണം. രണ്ടുപേരുടേയും പ്രശ്നങ്ങള്‍ വേറെ വേറെ കേട്ടശേഷം ആ ബന്ധം നെയ്തെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പരസ്പരമുള്ള ആശയവിനിമയം ഇല്ലായ്മ, ബഹുമാനം ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. സ്നേഹം, ബഹുമാനം, അംഗീകാരം എന്നിവയിലൂടെ ഗാഢമായ ബന്ധം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ഇതിനെ പ്രൊഡക്ടീവ് ലവ് എന്ന് പറയാം. അതേസമയം ഒത്തുപോകാന്‍ സാധിക്കില്ല എന്ന് ബോധ്യമായാല്‍ പിരിയുന്നതാണ് നല്ലത്.
കുട്ടികളുടെ കാര്യമോ?
മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നം നിമിത്തം വിഷമത്തിലാകുന്നത് കുട്ടികളാണ്. ആരുടെകൂടെ നില്‍ക്കണം എന്നറിയാത്ത അവസ്ഥയില്‍ അവര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നു. കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം പതിവാണ്. തകരുന്ന കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്ക് മാനസിക പക്വത കുറവാണ്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനുള്ള പ്രവണതയും ഈ കുട്ടികളില്‍ കൂടുതലായിരിക്കും. മക്കള്‍ക്കുവേണ്ടി എല്ലാ പ്രശ്നങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നവരും ഉണ്ട്. ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പിക്കുന്നവര്‍ക്കൊപ്പം കുടുംബവും സമൂഹവുമുണ്ടാകും.
(പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: