മടക്കിമല: അപകടങ്ങള്‍ തുടര്‍ക്കഥയായ മടക്കിമല വളവില്‍ വീണ്ടും അപകടം. ഞായറാഴ്ച രാത്രി 10.30ഓടെ കര്‍ണാടക രജിസ്ട്രേഷന് ലോറിയാണ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അരി ലോഡുമായി കല്‍പ്പറ്റ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. മടക്കിമല ഇറക്കമെത്തിയപ്പോള് തൊട്ടുമുന്നില്‍ ഒരു ഓട്ടോറിക്ഷയുമുണ്ടായിരുന്നു. മുമ്പിലെ ഹമ്പ് മറികടക്കാന്‍ ഓട്ടോറിക്ഷ ബ്രേക്കിട്ടപ്പോള്‍ തൊട്ടുപിന്നിലെത്തിയ ലോറി ഓട്ടോയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന അരിചാക്കുകള്‍ റോഡരികില്‍ ചിതറിവീണു. 440 ചാക്ക് ഗന്ധകശാല അരിയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അപകടത്തില്‍ തകര്‍ന്നതിനാല്‍ ഇന്നലെ ഉച്ചവരെ പ്രദേശത്തെ വൈദ്യൂതി ബന്ധവും നിലച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ രാവിലെ സ്ഥലത്തെത്തി ഉച്ചയോടെയാണ് വൈദ്യൂതിബന്ധം പുനസ്ഥാപിച്ചത്. നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ പൊല്ലാപ്പായി മാറിയിരിക്കുകയാണ് ഈ വളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: