കോഴിക്കോട്: ശതാഭിഷിക്തനായ കവി എം.എന്‍. പാലൂരിന് ഭാഷാസമന്വയവേദിയുടെ ആദരം. ഇന്നലെ കോവൂരിലെ വസതിയില്‍ ഒരുക്കിയ കവി സമ്മേളനത്തിലാണ് എം.എന്‍. പാലൂരിനെ ഭാഷാസമന്വയവേദി പ്രവര്‍ത്തകര്‍ ആദരിച്ചത്. കോഴിക്കോട് എത്തപ്പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും മാധവന്‍ നമ്പൂതിരി പാലൂര് എന്ന പേര് എം.എന്‍. പാലൂര് ആയത് എങ്ങിനെയെന്നതിനെകുറിച്ചും കവി സംസാരിച്ചു. എന്‍.വി. കൃഷ്ണവാരിയരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഹാഭാരതം വായിക്കാനിടയായതിനെക്കുറിച്ചും ആ വായന ജീവിതത്തിലുണ്ടാക്കിയ വഴിത്തിരിവിനെക്കുറിച്ചും എം.എന്‍.പാലൂര് പറഞ്ഞു. പില്‍ക്കാലത്തെഴുതിയ കവിതകളിലും സാഹിത്യത്തിലുമെല്ലാം മഹാഭാരതത്തിന്റെ സ്വാധീനം കാണാമെന്നും നിരവധി തവണ മഹാഭാരതം വായിച്ചെന്നും എം.എന്‍. പാലൂര് പറഞ്ഞു.
ഡോ. എം.ജി.എസ്. നാരായണന്‍ മൊബൈല്‍ ഫോണിലൂടെ ശതാഭിഷേക ആശംസ നേര്‍ന്നു. ഡോ. ആര്‍സു, എം.എന്‍. പാലൂരിന് ഓണക്കോടി നല്‍കി. പി.എല്‍. ശ്രീധരന്‍, കെ. വരദേശ്വരി, ചേന്ദന്‍ തുളസീദളം, പി.എം. നാരായണന്‍, മുണ്ട്യാടി ദാമോദരന്‍, കെ. പ്രഭാകരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. എം.കെ. പ്രീത, ഡോ. എം. ശ്രീകല, പ്രഭാരാജവല്ലി, ഡോ.പി.ഐ.മീര എന്നിവര്‍ എം.എന്‍. പാലൂരിന്റെ കവിതകള്‍ ആലപിച്ചു.
















