നിലമ്പൂര്‍: മൂന്നരപതിറ്റാണ്ട് മുന്‍പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പലകത്തോട് വാളാംതോട് റോഡ് കടലാസിലൊതുങ്ങുന്നു. ചാലിയാര്‍ പഞ്ചായത്ത് നിലമ്പൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന 1979ലാണ് പലകത്തോട് വാളാംതോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. അന്ന് നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന വാളപ്രം മുഹമ്മദ് ഹാജി 1979 ഫെബ്രുവരി 6ന് വാളാംതോടില്‍ നടന്ന പൊതുയോഗത്തില്‍ റോഡ് പി ഡബ്ലു ഡി ഏറ്റെടുത്തവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലമ്പൂരില്‍നിന്നും നായാടംപൊയിലിലേക്കുള്ള മലയോരപാത വെണ്ടേക്കംപൊയിലില്നിന്നും പലകത്തോട് വാളാംതോട് വഴിയായിരുന്നു.
എന്നാല്‍ 2003-2004ല്‍ റോഡ് നിര്‍മാണം നടന്നപ്പോള്‍ ചിലര്‍ ഇടപെട്ട് വെണ്ടേക്കം പൊയിലില്നിന്നും കക്കാടംപൊയല് വഴി വാളാംതോട്ടിലേക്കാക്കി. ഈ റോഡ് കടന്നുപോകുന്ന കുറഞ്ഞഭാഗം വനത്തിലൂടെ ആയതിനാല്‍ റോഡിന്റെ വീതികൂട്ടാന്‍ കഴിയാത്ത അവസ്ഥയിലും അപകടം നിറഞ്ഞ പാറക്കെട്ടിലൂടെയുമാണ്. പലകത്തോട് വഴി വാളംതോട്ടിലേക്ക് റോഡ് നിര്‍മിച്ചാല്‍ 50ലേറെ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും അകമ്പാടത്തുനിന്നും വാളംതോട്ടിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുകയും ചെയ്യുമെന്നും പ്രദശവാസികള്‍ പറയുന്നു. പലകത്തോട് വാളംതോട് റോഡിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചതായി പി കെ ബഷീര്‍ എം എല്‍ എ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഏതായാലും ചാലിയാര്‍ ഊര്ങ്ങാട്ടിരിപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് മലയോരവാസികളുടെ ചിരകാല സ്വപ്നമായിതന്നെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: