കല്‍പ്പറ്റ : വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 2015 ജൂണ്‍ 30ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ വി.കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് ദുര്‍ബലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞു. വയനാട് പ്രകൃതി സംരക്ഷണ സമിതിക്കുവേണ്ടി പ്രസിഡന്റ് എന്‍.ബാദുഷ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍.എം.സാന്തനഗൗഡറും ജസ്റ്റിസ് കെ.ടി.ശങ്കരനും അടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സമുദ്രനിരപ്പില്‍നിന്നു 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വയനാട്ടില്‍ സംഭവിക്കാനിടയുള്ള പാരിസ്ഥിതിക ദുരന്തങ്ങള്‍ കണക്കെടുത്തായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. ഇതനുസരിച്ച് ജില്ലയിലെ മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ അഞ്ചിലും (15 മീറ്റര്‍ ഉയരം) വൈത്തിരി പഞ്ചായത്ത് ഉള്‍പ്പെടുന്ന കുന്നത്തിടവക വില്ലേജില്‍ രണ്ടിലും (എട്ട് മീറ്റര്‍) ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മൂന്നിലും (10 മീറ്റര്‍) അധികം നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു വിലക്കുവന്നു. നിര്‍മാണത്തിനു നേരത്തേ അനുമതി ലഭിച്ചവര്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമായി. ഓരോ പ്രദേശത്തും നടന്നുവരുന്ന നിര്‍മാണങ്ങള്‍ നിശ്ചിത ഉയരത്തിനു മുകളിലെങ്കില്‍ നിര്‍ത്തിവെക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.നിശ്ചയിച്ചതിലും കൂടുതല്‍ ഉയരത്തില്‍ കെട്ടിട നിര്‍മാണത്തിനു അനുമതി നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് മുന്‍സിപ്പല്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, മലിനീകരണ നിയന്ത്രരണ ബോര്‍ഡിലെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എന്നിവരുടെ ചുമതലയാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
2005ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 30(2)(4),30(2)(5) എന്നിവ ഉപയോഗപ്പെടുത്തിയായിരുന്നു കലക്ടറുടെ ഉത്തരവ്. ദുരന്തങ്ങള്‍ തടയുന്നതിനു അവശ്യനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അധികാരപ്പെടുത്തുന്നതാണ് സെക്ഷന്‍ 30(2)ലെ വ്യവസ്ഥകളും ഉപ വ്യവസ്ഥകളും. 2015 മെയ് 27നും ജൂണ്‍ 17നും ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗങ്ങളിലായിരുന്നു കെട്ടിടനിര്‍മാണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം.
കലക്ടറുടെ ഉത്തരവ് ജില്ലയില്‍ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ബഹുനില കെട്ടിടനിര്‍മാണം നടത്തുന്നവരുടേയും അതിനു പദ്ധതിയിട്ടവരുടേയും ശക്തമായ എതിര്‍പ്പിനു കാരണമായി. ഇവര്‍ നിരന്തരം ചെലുത്തിയ സമ്മര്‍ദത്തെത്തുടര്‍ന്ന് 2015 നവംബര്‍ 20നാണ് കലക്ടറുടെ ഉത്തരവ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇത്തരം ഉത്തരവുകള്‍ പാസാക്കേണ്ടതില്ലെന്നും നിലവിലെ മുന്‍സിപ്പല്‍, ഗ്രാമപ്പഞ്ചായത്ത് കെട്ടിട നിര്‍മാണ നിയമങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതാണ് അഭികാമ്യം എന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് എന്ന നിലയില്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന വാദമാണ് പ്രകൃതി സംരക്ഷണ സമിതി ഹരജിയിലൂടെ ഉന്നയിച്ചത്. വയനാടിന്റെ ഭൂഘടന സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ്ഇന്ത്യ, നാഷണല്‍ സെന്റര്‍ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്ടെക്നോളജി(കോഴിക്കോട്), 2010ലെ ഇന്ത്യന്‍ ജിയോലിത്തിക് കോണ്‍ഫറന്‍സ് എന്നിവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും സമിതി കോടതിയില്‍ ഹാജരാക്കുകയുണ്ടായി. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. എം.പ്രകാശന് ഹാജരായി.
മുന്‍സിപ്പാലിറ്റികളില്‍ മൂന്നുനിലകളില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെനിര്മാണത്തിനു അനുമതിനല്കരുതെന്ന നിലപാടിലാണ് പ്രകൃതിസംരക്ഷണ സമിതി. മേപ്പാടി, വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലുള്ളതില്‍ രണ്ട് നിലകളില്‍ കൂടുതലുളള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുക, പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവുകളിലുള്ള ലോലപ്രദേശങ്ങളില്‍ എല്ലാത്തരം നിര്‍മാണവും നിരോധിക്കുക, ഇതിനു ഉതകുന്ന വിധത്തില്‍ ജില്ലാദുരന്ത നിവാരണ അതോറിറ്റിയുടെഉത്തരവ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതിഉന്നയിക്കുന്നുണ്ട്.
ജില്ലാദുരന്ത നിവാരണ അതോറിറ്റിചെയര്മാന്റെ ഉത്തരവ് ദുര്ബലപ്പെടുത്തിയതിനെത്തുടര്ന്ന് പുനരാരംഭിച്ചതും തുടങ്ങിയതുമായ നിര്‍മാണങ്ങള്‍ ഹൈക്കോടതിഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: