കല്‍പ്പറ്റ : ജില്ലയിലെ തെരുവുനായകളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജനപ്രതിനിധികളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും പ്രത്യേക യോഗത്തിലാണ് ജില്ലയിലെ തെരുവുനായകളുടെ വംശപെരുപ്പം തടയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകരാമുള്ള വന്ധ്യംകരണ നടപടികളുമായി മുന്നോട്ടുപോകാന്‍ ധാരണായായത്.
ഇതിനായി മൃഗ സംരക്ഷണ വകുപ്പിന് കീഴില്‍ ബത്തേരിയില്‍ വെറ്ററനറി കോളേജ് ക്ലിനിക്ക് പരിസരത്ത് പ്രത്യേക സംവിധാനമൊരുക്കും. ഓപ്പറേഷന് തീയ്യേറ്റര്‍, അനുബന്ധ സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍, മെഡിസിന്, തുടങ്ങിയവയ്ക്കായി ചെലവു വരുന്ന 44.7 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കും. തെരുവുനായ ശല്യത്തിന് നിയമാനുസൃതവും ശാശ്വതവുമായ പരിഹാരം എന്ന നിലയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്.ജില്ലയില്‍ 7132 തെരുവു നായ്ക്കളും 1830 വളര്‍ത്തുനായ്ക്കളുമുണ്ടെന്നാണ് പ്രാഥമിക കണക്ക്. വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെങ്കിലും ഇത് കാര്യക്ഷമമായി നടപ്പാകാത്ത സാഹചര്യത്തില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു.
മത്സ്യ മാംസ്യവശിഷ്ടങ്ങള് റോഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും തള്ളുന്നത് തെരുവ് നായക്കളുടെ വര്‍ദ്ധനവിന് കാരണമാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതു ഇടങ്ങളിലും പരിസരത്തും മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷിതമല്ലാത്ത സ്ഥലത്ത് അറവു നടത്തുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കണം. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. നായ്ക്കളുടെ വന്ധ്യംകരണത്തിന് ബത്തേരിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ മൊബൈല്‍ ഓപ്പറേഷന് തീയ്യേറ്റര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മിനി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര്, മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര്.പ്രവീജ്, ബത്തേരി നഗര സഭാ ചെയര്മാന് സി.കെ.സഹദേവന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.ആര്.ഗീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.രാജേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: