ചങ്ങനാശേരി: പൊതുവിതരണത്തിന് നല്‍കിയ 20 ക്വിന്റല്‍ കുത്തരി കടത്തുന്നതിനിടയില്‍ കോട്ടയം വിജിലന്‍സ് സംഘം വാഹനവും 40ചാക്ക് അരിയും പിടികൂടി. പൂവക്കാട്ടുച്ചിറകുളത്തിനു സമീപം ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയം വിജിലന്‍സ് നല്‍കിയ വിവരമനുസരിച്ച് ചങ്ങനാശേരി റ്റിഎസ്ഒമാരായ എസ്. കണ്ണന്‍, കാഞ്ഞിരപ്പള്ളി റ്റിഎസ്ഒ എം.ബി ശ്രീലത എന്നിവരാണ് അരിയും വാഹനവും കസ്റ്റഡിയിലെടുത്തത്. മുണ്ടക്കല്‍ ട്രേഡേഴ്‌സിന്റെ വാഹനത്തില്‍ നിന്നാണ് അരി പിടിച്ചെടുത്തത്. ഫാത്തിമാപുരം മുല്ലാറ മുണ്ടയ്‌ക്കല്‍ സതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. പിടിച്ചെടുത്ത അരി കോട്ടയം കരിപ്പൂത്തട്ടിലുള്ള റാണി റൈസ് മില്ലിലേക്ക് കടത്തുന്നതിനിടയിലാണ് പിടിയിലാകുന്നത്. വാഹനത്തില്‍ നിന്നും കണ്ടെടുത്ത ബില്ലുമായി കടയിലെത്തി പരിശോധിച്ചപ്പോള്‍ ് ബില്ലില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് ഡി.വൈഎസ്പി അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണത്തില്‍ സിഐ ബിജു വി.നായര്‍, എഎസ്‌ഐ വിജയന്‍, സിപിഒ തോമസ്, വിജയന്‍ എന്നിവരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ എസ്. കണ്ണന്‍, ശ്രീലത. എം.ബി, ആര്‍ഐ ജയന്‍, ജോണ്‍, ബി. സജീവ്, സുനിതാകുമാരി, ബി. മിനി, സഞ്ജീവ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിടിച്ചെടുത്ത അരി കേസെടുത്തശേഷം പൊതുവിതരണ കേന്ദ്രത്തിലേക്ക് കൈമാറ്റും.















