തിരുവല്ല: നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ചെങ്ങന്നൂര്‍-തിരുവല്ല രണ്ടാം റെയില്‍പ്പാത ഗതാഗതയോഗ്യമായി. തിരുവല്ലയില്‍ നിന്നും ശനിയാഴ്ച 4.12 ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ശബരി എക്സ്പ്രസ് പുതിയ പാതയില്‍ കന്നി ഓട്ടം നടത്താനായി സ്റ്റേഷന് മാസ്റ്റര്‍ പി.കെ. ഷാജി പച്ചകൊടി വീശി. തിരുവല്ലയില്‍ നിന്നും ട്രയിന്‍ പുറപ്പെടുന്നതിനു മുമ്പ് അലങ്കരിച്ച ശേഷം റെയില്‍വേ തൊഴിലാളികളുടെ നേതൃത്വത്തില്‍ പുതിയ പാതയില്‍ പൂജകള്‍ നടത്തി. സിഗ്നല്‍ സംവിധാനത്തിലെ അവസാനവട്ട ജോലികളും പൂര്‍ത്തിയായി എന്ന് ഉറപ്പാക്കിയ ശേഷമാണ് ആദ്യവണ്ടി കടത്തിവിട്ടത്. ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലുള്ള രണ്ടാം പാത തുറന്നതോടെ ചെങ്ങന്നൂര്‍ തിരുവല്ല സ്റ്റേഷനുകളില്‍ തീവണ്ടി പിടിച്ചിടേണ്ട സാഹചര്യങ്ങള്‍ ഒഴിവായി.
രണ്ടാം പാതയില്‍ ജൂണ്‍ 21ന് ഡീസല്‍ എന്ജിന് ഉപയോഗിച്ചും,ആഗസ്ത് 15ന് ഇലക്ട്രിക് എന്ജിന് ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.ദക്ഷിണ മേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സുദര്ശന് നായികിന്റെ നേതൃത്വത്തിലുള്ള സംഘം ആഗസ്ത് 25 ന് അവസാനവട്ട പരിശോധന നടത്തി. കന്നിയാത്രയില്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ പി.എല്‍. അശോക് കുമാര്‍,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കണ്‍സ്ട്രക്ഷന്‍സ്) സുരേഷ്,അഡീഷണല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ ശശിധരന്,എന്നിവര്‍ പങ്കെടുത്തു. തിരുവല്ലയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രയിനുകള്‍ രണ്ടാം പ്ലാറ്റ്ഫോമിലും,തിരുവനന്തപുരം ഭാഗത്തേക്കുള്ളവ മൂന്നാം പ്ലാറ്റ്ഫോമിലും സാധാരണയായി എത്തിച്ചേരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: