ആവണിനിലാവുമെഴുകിയ,മുറ്റ-
ത്താരു മെനയുന്നു അത്തക്കളം
ആടിമേഘത്തുടിയോടിമറയവേ,
യാ,തിരവിളക്കു തെളിച്ചപോലെ.
മഴവില്ലിന്നേഴു വര്‍ണങ്ങള്‍ ചാലിച്ചു
നിറപ്പകിട്ടാര്‍ന്നൊരു പുഷ്പക്കളം
അത്തം കറുത്താലു,മോണം വെ-
ളു,ക്കുമെന്നാരോ മൊഴിയും സ്നേഹക്കളം.
പിച്ചകപ്പൂമണമൊഴുകുന്നു,തെച്ചിയും-
തുമ്പയും ചിരിതൂകുമീക്കളത്തില്,
പേരറിയാ നാട്ടുപൂക്കളും മിഴിതുറ-
ന്ന,രചനെ വേല്ക്കാനൊരുങ്ങി നില്പ്പൂ.
സ്വര്ണമണിരഥമേറി മഹാബലി-
നടവഴിയിടവഴി പിന്നിടുമ്പോള്‍,
നാലുവെളുപ്പിനുണര്‍ന്നു കൈകൂപ്പുന്നു
നാട്ടിലുടനീളം പൂക്കളങ്ങള്‍.
ആയിരം പുക്കളുണ്ടെങ്കിലും തമ്പുരാന്
വാരിളം തുമ്പപ്പൂവൊന്നെടുത്തു,
മകുടത്തില്‍ തിരുകി മടങ്ങിയാ മന്നന്
മനസിന്റെയോണസ്മൃതി പഥത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: