കാസര്‍കോട്: കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ദേശീയ പ്രശസ്തരായ എത്ര പേരുണ്ട്? ജില്ലയിലെ ഏറ്റവും നല്ല പട്ടികവര്‍ഗകോളനി ഏതാണ്? ഏറ്റവും പിന്നോക്കം നില്ക്കുന്ന കോളനിയേതാണ്? ജില്ലയില്‍ നിന്നും ദേശീയ ശ്രദ്ധ നേടിയ മാതൃക പ്രൊജക്ടുകളുണ്ടോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അഡ്ഹോക് കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ജനപ്രതിനിധികളോട് ചോദിച്ചു. പിന്നോക്ക ജില്ലകളായ വയനാട്ടിലും ഇടുക്കിയിലും പാലക്കാടും നിന്നും ഇക്കാലയളവില്‍ പ്രശസ്തരായവരെ പരാമര്‍ശിച്ചു. പരമ്പരാഗതരീതികളില്‍ നിന്ന് മാറി ചിന്തിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികള്‍ രൂപീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. എട്ട് ഗ്രാമപഞ്ചായത്തുകളുടെയും ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിരേഖകള്‍ അവലോകനത്തിനുശേഷം യോഗം അംഗീകരിച്ചു. ഈമാസം ഒമ്പതിനകം മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കും അംഗീകാരം നേടണമെന്ന് ഡി പി സി ഹാളില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, കാസര്‍കോട്നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, എഡിപി പി മുഹമ്മദ് നിസാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: