കുന്നത്തൂര്‍: റേഷനരി ചാക്കുകളിലാക്കി മറിച്ചുവില്‍ക്കുന്ന അനധികൃത കേന്ദ്രം പോലീസ് കണ്ടെത്തി. ശൂരനാട് വടക്ക് ആനയടിയില്‍ ആറാട്ടുകടവിന് സമീപം ആള്‍താമസമില്ലാതെ കിടന്ന വീട്ടിലാണ് അനധികൃത റേഷനരി പാക്കിങ് കേന്ദ്രം പ്രവര്‍ത്തിച്ചുവന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശൂരനാട് പോലീസ് പരിശോധന നടത്തിയത്.
അരി, ഗോതമ്പ്, പച്ചരി, തുടങ്ങിയ 41 ചാക്ക് റേഷന്‍ സാധനങ്ങള്‍ ഇവിടെ നിന്നും പിടിച്ചെടുത്തു. ഇത് കൂടാതെ പാക്കിങ് മെഷിന്‍, ബ്രാന്‍ഡഡ് അരിചാക്കുകള്‍, എഫ്‌സിഐ ബില്ലുകള്‍ എന്നിവയും കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി റേഷന്‍ സാധനങ്ങള്‍ തിരിച്ചറിഞ്ഞു. സാധനങ്ങള്‍ ശൂരനാട് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ആരെയും പിടികിട്ടിയില്ല. കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.
















