കല്‍പ്പറ്റ : ലെന്‍സ്ഫെഡ് എഞ്ചിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) അഞ്ചാമത് ആധുനിക കെട്ടിട നിര്‍മാണ അലങ്കാര സാമഗ്രികളുടെ പ്രദര്‍ശനമേള ‘ബില്‍ഡ് എക്സ്-2016’ സംഘടിപ്പിക്കുന്നു.
രണ്ട്, മൂന്ന്, നാല് തീയതികളില്‍ കൃഷ്ണഗിരി വയനാട് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വ്യത്യസ്തങ്ങളായ നിര്‍മാണ സാമഗ്രികളുടെ പ്രദര്‍ശനമേളയില്‍ നിര്‍മാതാക്കള്‍ നേരിട്ടു പങ്കെടുക്കുന്നതിനാല്‍ അവരുടെ ഉല്‍പ്പന്നങ്ങളെകുറിച്ച് ജനങ്ങള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താനുള്ള സൗകര്യമുണ്ടാകും. ജില്ലയില്‍ ഗൃഹനിര്‍മാണം നടത്തുന്നവര്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ അന്‍പതോളം വരുന്ന സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി ടി.പി. ഗ്രൂപ്പ് സ്പോണ്സര് ചെയ്യുന്ന ആകര്‍ഷകമായ സമ്മാനം സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ നല്‍കും.
ഇതോടനുബന്ധിച്ച് മൂന്ന്, നാല് തീയതികളില്‍ 14 ജില്ലകളിലെയും ലെന്‍സ്ഫെഡ് അംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന 20-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കല്‍പ്പറ്റ എം.എല്‍. എ. സി.കെ. ശശീന്ദ്രനും, തുടര്‍ന്നു നടക്കുന്ന സമ്മാനദാനചടങ്ങ് മാനന്തവാടി എം.എല്‍.എ. ഒ.ആര്. കേളുവും ഉദ്ഘാടനം ചെയ്യും.
പ്രവേശനം സൗജന്യമായിരിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം. രവീന്ദ്രന്, പ്രസിഡന്റ് ജാഫര്‍ സേഠ്, ഇബ്രാഹിം പുനത്തില്‍, ഗിരീഷ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: