തിരുവല്ലക്ക് സമീപത്തുള്ള കവിയൂരില്‍ ശിവക്ഷേത്രമാണെങ്കിലും പ്രസിദ്ധി ഹനുമാന് സ്വാമിക്കാണ്. കൊല്ലവര്‍ഷം 128ല്‍ മംഗലത്ത് നാരായണന് കേശവനും, കിരിട്ടനുംക്ഷേത്രത്തിലേക്ക് ഭൂമിദാനം ചെയ്തതു സംബന്ധിച്ച് രേഖകളുണ്ട്. അതില്‍നിന്ന് ക്ഷേത്രത്തിന് ആയിരം വര്‍ഷത്തെപഴക്കമെങ്കിലും തീര്‍ച്ചയായും കരുതണം.
വട്ട ശ്രീകോവിലും നാലമ്പലവും മുഖമണ്ഡപവും ചെമ്പുമേഞ്ഞ് പ്രൗഢിയാര്‍ന്നതാണ്. ബലിക്കല്‍ പുരയാണെങ്കില്‍ ശില്പകലാ ചാതുരി നിറഞ്ഞതുമാണ്. ഭാഗവതത്തിലെ കഥാഭാഗങ്ങള്‍ കരവിരുതിനാല്‍ കൊത്തിവച്ചിട്ടുമുണ്ട്. ശിവന്റെ മുഖമണ്ഡപത്തില്‍ നിറഞ്ഞു നില്ക്കുന്ന രാമായണത്തിലെ സുന്ദരകാണ്ഡം കഥകള്‍ ദാരുശില്പങ്ങളാല് അത്യാകര്‍ഷമാണ്.
തീര്‍ത്തും ശിലാവിഗ്രഹമായ ശിവലിംഗം സ്വയംഭൂവല്ല. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദര്‍ശനം. തെക്കേനടയില്‍ ഉപദേവതകളായി ദക്ഷിണാമൂര്‍ത്തിയും ഗണപതിയും ഉണ്ട്. ശ്രീ പാര്‍വതിയുടേത് പഞ്ചലോഹ വിഗ്രഹമാണ്.
ശ്രീരാമനാണ് ശിവപ്രതിഷ്ഠ നടത്തിയതെന്നാണ് ഭക്തവിശ്വാസം. രാവണ വധം കഴിഞ്ഞ് വരും വഴി കവിയൂടെത്തിയപ്പോള്‍ പുഷ്പകവിമാനം ഇറക്കി. ഇവിടെയൊരു ശിവനെ പ്രതിഷ്ഠിക്കുവാന്‍ നിശ്ചയിച്ചു. ഹനുമാനോട് ഒരുവിഗ്രഹം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഹനുമാന് അവിടമെല്ലാം തിരക്കിനടന്നെങ്കിലും വിഗ്രഹത്തിന് പാകത്തിനൊരുശിലയും കാണാതെ കറങ്ങി. ഹനുമാന്റെ മനസ്സിലുള്ള ഗര്‍വ് ലേശംപോലും ഇല്ലാതാക്കാനുള്ള ഉദ്ദേശ്യമായിരുന്നുവത്രേ ശ്രീരാമനുണ്ടായിരുന്നത്. ഹനുമാന് വരുന്നതിന് താമസം കാണും മുഹൂര്‍ത്തം തെറ്റിക്കാതെ അവിടെ കണ്ട ചൈതന്യവത്തായ ശിലാഖണ്ഡം എടുത്ത് പ്രതിഷ്ഠിക്കുകയായിരുന്നു.
താമസിയാതെ വിഗ്രഹവുമായി ഹനുമാനെത്തി. പ്രതിഷ്ഠയെല്ലാം കഴിഞ്ഞതറിഞ്ഞ് ഹനുമാന് വിഷമംതോന്നി. ശ്രീരാമന് അദ്ദേഹത്തെ സമാധാനിപ്പിച്ചു.
ഭഗവല്‍ ഭക്തിയുണ്ടെങ്കില്‍തനിക്കെല്ലാം സാധിക്കുമെന്ന അഹങ്കാരം അതോടെ ഹനുമാനില്‍നിന്നും ഇല്ലാതായി. അതോടെ നിര്‍മ്മലമനസ്സിന്റെ ഉടമയായി. ശ്രീരാമ പാദങ്ങളില്‍ വീണു നമിച്ചു. പട്ടാഭിഷേകം കഴിഞ്ഞ് പോകും വഴി കവിയൂരില്‍ തപസ്സുചെയ്യുന്നതിന് ശ്രീരാമന് ഹനുമാന് അനുജ്ഞകൊടുത്തു. അവിടെയുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഹനുമാന് ഏറെക്കാലം തപസ്സുചെയ്തു വത്രേ. ഹനുമാന്റെ സാന്നിദ്ധ്യത്താലാണ് ഈ ദേശത്തിന് കപിയൂര് എന്നു പേരു വന്നത്. കാലക്രമേണയാണ് കപിയൂര് കവിയൂരായിത്തീര്‍ന്നത്.
ഹനുമാന് സ്വാമി കുട്ടിക്കാലത്ത് ഉദിച്ചുപൊങ്ങുന്ന സൂര്യബിംബം കണ്ട് അത് ഭക്ഷ്യയോഗ്യമായ പഴമാണെന്നുകരുതി പറിച്ചുതിന്നുവാന്‍ മുകളിലേക്കുചാടിയത്രേ. ഹനുമാന് ഉയരുന്തോറും സൂര്യതേജസ്സ് ഉയര്‍ന്നുപൊങ്ങുന്നുണ്ടായിരുന്നു. ഹനുമാന്റെ ഈ ധിക്കാരം കണ്ട് ദേവേന്ദ്രന് കോപിച്ച് തന്റെ വജ്രായുധം പ്രയോഗിച്ചു. അത് ഹനുമാന്റെ താടിയില്‍ത്തട്ടി. താടിയെല്ല് മുറിഞ്ഞു. ഹനു തകര്‍ത്തതിനാലാണ് ഹനുമാനെന്ന പേരുവന്നത് എന്നും പറയപ്പെടുന്നു. മകന് മരിച്ചതറിഞ്ഞ് വായുദേവന് ഹനുമാനേയുംകൊണ്ട് പാതാളലോകത്തേക്ക് പോയി. അങ്ങനെ ഭൂമിയില്‍ വായുവില്ലാതായി. സര്‍വരും അതിനാല്‍ വിഷമിച്ചു. ബ്രഹ്മാവ് ഓടിയെത്തി ഹനുമാന് ജീവന് നല്കി. വായുവിനെ സാന്ത്വനപ്പെടുത്തി. അതോടെ ഹനുമാന് ചിരംഞ്ജീവിയായിത്തീര്‍ന്നു.
പരമശിവന് അഞ്ജനയില്‍ പിറന്നവനാണ് ഹനുമാന്. അതിനാലാണ് ആഞ്ജനേയന് എന്നപേരിലും അറിയപ്പെടുന്നത്. പട്ടാഭിഷേകം കഴിഞ്ഞപ്പോള്‍ ശ്രീരാമസ്വാമിയോട് ചോദിച്ച ഒരേഒരുവരം രാമനാമവും, രാമകഥയുമുള്ളകാലത്തോളം രാമസ്മരണയോടെ ജീവിക്കാന്‍ അനുവദിക്കണം എന്നായിരുന്നു.
കവിയൂര്‍ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശിവനാണെങ്കിലും ഹനുമല്‍സ്വാമിക്കാണ് പ്രശസ്തിയും പ്രാധാന്യവും. ഹനുമല്‍ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ നമുക്കിടയില്‍ പൊതുവെ കുറവായതിനാലുമാവാം പ്രസിദ്ധിവളരുവാന്‍ കാരണം. ആ ദേവനെ പ്രാര്‍ത്ഥിച്ചാല്‍ ഫലം പെട്ടെന്നായതിനാലുമാവാം ഉപദേവന്റെ സ്ഥാനമല്ല ഹനുമാനിവിടെ. ഹനുമദ് വിഗ്രഹം നന്നേചെറുതാണ്. അരയടിയോളമുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹം. ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാന്റെ വലിയ വിഗ്രഹമുള്ളത്. പന്ത്രണ്ടടിയോളം ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണത്രേ. എന്നാല്‍ കവിയൂരിലേത് സീതയുടെ മുന്നില്‍ എത്തിച്ചേരുന്നതിനായി രൂപമെടുത്ത കുട്ടിഹനുമാന്‍. ഇരിക്കുന്ന വിധത്തിലാണ് പ്രതിഷ്ഠ. വലതുകൈയില്‍ ആയുധവും മറ്റേകൈയില്‍ ചൂഡാരത്നവുമായി വാലുംപൊക്കിയിരിക്കുന്നു. വിഗ്രഹം പോലെ ചെറിയ ശ്രീകോവിലുമാണ്. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനോളം പഴക്കം ഈ കൊച്ചു ശ്രീകോവിലിനില്ല.
ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവും അമ്മ മഹാറാണിയും ഹനുമാന് സ്വാമിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയുള്ളവരായിരുന്നു. അതിനാലാണ് ഇത്ര പ്രസിദ്ധി വന്നതെന്നും ഒരു പക്ഷമുണ്ട്. അവില് പന്തിരുനാഴിയാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഇതുനേര്‍ന്നാല്‍ വിചാരിച്ച കാര്യം വളരെ പെട്ടെന്നു സാധിക്കുമെന്നവിശ്വാസം ഭക്തര്‍ക്കിയയില്‍ നിലവിലുണ്ട്. പത്യേകം പൂജാരിയെ നിശ്ചയിച്ചിട്ടുമുണ്ടിവിടെ.
ധനുമാസത്തില്‍ കൊടികയറി പത്തുനാളാണ് ശിവക്ഷേത്രത്തിലെ തിരുവുത്സവം. കൂടാതെ ശിവരാത്രിയും വിശേഷമാണ്. ഹനുമാനുള്ള ആഘോഷം ജയന്തിയാണ്. ധനുവിലെ മൂലം നക്ഷത്രത്തിലാണ് ഹനുമല്‍ ജയന്തി. അതിഗംഭീരം തന്നെയാണ് ഈ ആഘോഷവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: