കോഴിക്കോട്: കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീവണ്ടിഗതാഗതം അലങ്കോലപ്പെട്ട സാഹചര്യത്തില്‍ യാത്രാദുരിതം ലഘൂകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ അറുപത് ഇടങ്ങളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തീവണ്ടികള്‍ 30 മിനുട്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകി ഓടാനാണ് സാധ്യത. ഈ പ്രതിസന്ധി പരിഹരിക്കാന്‍ റെയില്‍വേ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, റെയില്‍വേ കെഎസ്ആര്‍ടിസി സ്വകാര്യ ബസ് ഉടമകള്‍ തുടങ്ങിയവരുടെ യോഗം അടിയന്തരമായി വിളിച്ചുകൂട്ടണം. കറുകുറ്റി അപകടത്തെക്കുറിച്ച് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ ആശങ്കാജനകമാണ്. ബലക്ഷയം സംഭവിച്ച 202 പോയിന്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും നടപടികള്‍ ഉണ്ടായില്ല. കാലപ്പഴക്കം ചെന്ന റെയില്‍പ്പാതകളും പാലങ്ങളും നിര്‍ബന്ധിത സുരക്ഷാ ഓഡിറ്റിംഗിന് വിധേയമാക്കണം. കാലപ്പഴക്കം ചെന്ന എഞ്ചിനുകള്‍ ഒഴിവാക്കണം. പാലങ്ങളുടെയും പാതകളുടെയും അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഷെവലിയര്‍ സി. ചാക്കുണ്ണി, കെ.ജെ. ജോയി, എം.വി. കുഞ്ഞാമു, സി.സി. മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















