മുക്കം: മദ്രസയില്‍ നിന്ന് അനുവാദമില്ലാതെ പുറത്ത് പോയതായി ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാധ്യാപകന്റെ ക്രൂര മര്‍ദനം. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് ഇഫഌല്‍ ഖുര്‍ആന്‍ മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് സ്വദേശിയായ ഫസലുറഹ്മാന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി ഉയര്‍ന്നത്.വിദ്യാര്‍ത്ഥികളായ റാഷിദ് (12). ഇര്‍ഫാദ് (12). ഹിമാലുദ്ധീന്‍ എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. വടികൊണ്ടുളള മര്‍ദനത്തില്‍ വിദ്യാര്‍ത്ഥികളുടെ മുഖം ,തല, പുറം ,കാല് തുടങ്ങി ശരീരമാസകലം വലിയ പാടുകളാണുള്ളത്. ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പിനായി വിദ്യാര്‍ത്ഥികളെ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. കുത്തിവെക്കാനൊരുങ്ങുമ്പോള്‍ റാഷിദിന്റെ ദേഹത്തെ പാട് പരിശോധിച്ച ഡൂട്ടി നഴ്‌സ് ഉടന്‍ ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ പരിക്ക് ഗുരുതരമാണന്ന് കണ്ടെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് വാഴക്കാട് പോലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെതിരെ നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















