കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിനോടുള്ള അവഗണനയ്‌ക്കെതിരെ ഹാര്‍ബര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി.
പുതിയാപ്പയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും പണിമുടക്കിയാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തിയത്. 2014 ലാണ് ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനത്തിനായി 53 കോടിയുടെ പ്രൊജക്ട് തയ്യാറാക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പ്രൊജക്ട് അയക്കാന്‍ കാലതാമസം വന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ഹാര്‍ബറില്‍ പുതുതായി രണ്ട് ജെട്ടികള്‍ പണിയുക, മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, പുതുതായി ലേല ഹാള്‍, ഡ്രൈനേജ് എന്നിവ പണിയുക, ഹാര്‍ബറില്‍ അടിയുന്ന ചളിയും മണ്ണും നീക്കം ചെയ്ത് ആഴം കൂട്ടുക, ഹാര്‍ബറിലെ മുഴുവന്‍ ലൈറ്റുകളും പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. നടപടിയായില്ലെങ്കില്‍ പ്രക്ഷോഭസമരങ്ങളുമായി മുന്നോട്ടുപോവാനാണ് തീരുമാനം.ധര്‍ണ്ണ എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാറുകളാണ് പുതിയാപ്പ ഹാര്‍ബറിന്റെ ഈ അവസ്ഥക്ക് കാരണമെന്ന് എന്‍.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനുള്ള ജനപ്രതിനിധികളുടെ ശ്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ബര്‍ വികസന സമിതി പ്രസിഡന്റ് കെ. സുന്ദരന്‍, കൗണ്‍സിലര്‍മാരായ കെ. കെ. റഫീഖ്, നിഷ, വിവിധ സംഘടനാ ഭാരവാഹികളായ സുനില്‍ മടപ്പള്ളി, അശോകന്‍ വടകര, എം.കെ. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















