ബത്തേരി : ഊര്‍ജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വൈദ്യുത ബോര്‍ഡ് നടപ്പാക്കിയ ലാഭ പ്രഭയും തട്ടിപ്പാകുന്നു. ഒരു ഉപഭോക്താവിന് രണ്ട് സി.എഫ്.എല്‍ ബള്‍ബ് വീതം വൈദ്യുത ബോര്‍ഡ് നാട്ടുകാര്‍ക്ക് വിതരണം ചെയ്യ്തത് കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിന്റെ അവസാന നാളുകളിലാണ്. ഒരുവര്‍ഷത്തിനകം കേട് സംഭവിച്ചാല്‍ പകരം പുതിയ ബള്‍ബ് നല്‍കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ബള്‍ബ് ഒന്നിന് തൊണ്ണൂറു രൂപ ഈടാക്കിയാണ് ബോര്‍ഡ് ഈ കച്ചവടം പൊടിപൊടിച്ചത്. ഇപ്പോള്‍ തകരാറായ ബള്‍ബുകള്‍ തിരിച്ചുനല്‍കി പകരം ബള്‍ബ് വാങ്ങാനെത്തുന്നവരോട് സ്റ്റോക്കില്ല, പിന്നെ വരാന്‍ പറഞ്ഞ് ജീവനക്കാര്‍ മടക്കി വിടുകയാണ്. മാസങ്ങളായി പകരം കിട്ടാന്‍ നാട്ടുകാര്‍ വൈദ്യുത ബോര്‍ഡ് ഓഫീസ് കയറി ഇറങ്ങുകയാണ്. വിതരണ തീയ്യതി മുതല്‍ ഒരു വര്‍ഷത്തിനുളളില്‍ പകരം ബള്‍ബ് കിട്ടിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോഴുളളത്. ലാഭ പ്രഭ ബോര്‍ഡിന് ലാഭവും നാടിന് ബാധ്യതയുമാവുകയാണ്. മുബൈ ആസ്ഥാനമായ ബജാജ് ഇലക്ട്രിക്ക്ല്സ് ആണ് കെ.എസ്.ഇ.ബിക്ക് വേണ്ടി ഈ ബള്‍ബുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: