തേഞ്ഞിപ്പലം: ഇരകളുടെയെന്ന പോലെ പ്രതികളുടെയും ഭാവി ഭീകരമാവുന്ന അവസ്ഥയിലേക്ക് എത്തുമെന്നതാണ് റാഗിംഗ് എന്ന കുറ്റകൃത്യത്തിന്റെ സവിശേഷതയെന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണ ശില്പശാല വ്യക്തമാക്കി. കല്‍ബുര്‍ഗി കേസ് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. നൈമിഷികമായ പ്രേരണയാല്‍ ചെയ്തുപോയ റാഗിംഗിന്റെ പേരില്‍ ജൂനിയര്‍ പെണ്‍കുട്ടിയുടെ ജീവിതം ദുരന്തമായി. അതോടൊപ്പം തന്നെ റാഗിംഗ് നടത്തിയ പെണ്‍കുട്ടികള്‍ ജയിലിലാവുകയും, മറ്റ് ചിലരുടെ കുടുംബം ഒന്നടങ്കം അന്യ ദേശങ്ങളില്‍ എവിടെയോ അജ്ഞാത വാസം നയിക്കേണ്ടിവരികയും ചെയ്തതായി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ അഡ്വ.സി.പി.മുസ്തഫ ചൂണ്ടിക്കാട്ടി. പ്ലസ്ടു സ്കൂളുകളിലേക്ക് പോലും റാഗിംഗ് കടന്നുചെല്ലുന്ന അവസ്ഥയുണ്ട്. റാഗിംഗിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ ഒരു കോളേജിന്റെ വനതാ പ്രിന്‍സിപ്പല്‍ അറസ്റ്റ് ചെയ്യപ്പെട്ട് 14 ദിവസം ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ സംഭവം പോലും കേരളത്തില്‍ ഉണ്ടായിയെന്നത് നിയമത്തിന്റെ ശക്തിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേവലം രണ്ട് പേജുകളില്‍ ഒതുങ്ങുന്ന, ഒമ്പത് സെഷനുകള്‍ മാത്രമുള്ള റാഗിംഗ് വിരുദ്ധ ആക്ട് അതീവ ശക്തമായ നിയമമാണെന്ന് തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ബാബുരാജ് പറഞ്ഞു. റാഗിംഗ് സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കില്‍ പോലീസിനെതിരെ പോലും നിയമനടപടിയുണ്ടാവും. അതിനാല്‍ തന്നെ റാഗിംഗ് നടത്തിയാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലാ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ പി.വി.വല്‍സരാജന്‍, ഡോ.വി.ജി.മാര്‍ഗരറ്റ്, ഡോ.എ.ബി.മൊയ്തീന്‍കുട്ടി, ഡോ.എം.ബി.മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: