അഹമ്മദാബാദ്: പൗരാണിക കാലത്ത് വന്‍ സുനാമിയില്‍ തകര്‍ന്നടിഞ്ഞ സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ ധോലവീരയില്‍ കണ്ടെത്തി. ലോകത്തെ ആദ്യ നാഗരിക സംസ്‌ക്കാരമാണിതെന്ന് കരുതുന്നതായി ദേശീയ സമുദ്ര പഠന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എസ്ഡബ്ല്യൂഎ നഖ്‌വി ഗോവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
3,450 വര്‍ഷം മുന്‍പ് കൂറ്റന്‍ തിരമാലകളില്‍ തകര്‍ന്ന, ഭംഗിയായി ആസൂത്രണം ചെയ്ത് നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ലഭിച്ചത്. ഇത് ഹാരപ്പന്‍ കാലത്തുള്ളതാണെന്നാണ് സൂചന. അയ്യായിരം വര്‍ഷം മുന്‍പ് വളരെയേറെ പുരോഗതി കൈവരിച്ചിരുന്ന ഏറ്റവും വലിയ തുറമുഖ നഗരമായിരുന്നു ഇത്.
ഇതുവരെ കണ്ടെത്തിയ, ഹാരപ്പന്‍ കാലത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുരാവസ്തുവാണിത്. കൊട്ടാരം, പ്രധാന നഗരം, ചെറിയ നഗരം എന്നിവയാണ് ഇവിടെയുള്ളത്. കടല്‍ത്തിരകള്‍ ചെറുക്കാന്‍ നിര്‍മ്മിച്ച പതിനാലു മുതല്‍ 18 മീറ്റര്‍ വരെ കനമുള്ള മതിലുകളാണ് പ്രത്യേകത- പ്രമുഖ ശാസ്ത്രജ്ഞന്‍ രാജീവ് നിഗം പറഞ്ഞു.
ഹാരപ്പന്‍ സംസ്‌ക്കാരത്തിന്റെ അമൂല്യമായ അവശിഷ്ടമുള്ള സ്ഥലമാണ് ധോലവീര. ഇവിടെ പുരാതന സംസ്‌ക്കാരത്തിലെ നിരവധി നഗരങ്ങള്‍ മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, കടലിനു സമീപത്തു നിന്ന് നിന്ന് ഇത്രയേറെ പഴക്കമുള്ള നഗരാവശിഷടം കണ്ടെത്തിയിട്ടില്ല.
കാവേരിപൂം പട്ടണം
തമിഴ്‌നാട്ടിലെ ഇപ്പോള്‍ നാഗപട്ടണം ജില്ലയില്‍, പണ്ട് ഉണ്ടായിരുന്ന തുറമുഖ നഗരമാണ് കാവേരിപൂം പട്ടണം. കടല്‍ക്ഷോഭത്തില്‍ നശിച്ച പൗരാണിക നഗരം ചോളരാജാക്കന്മാരുടെ കാലത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്ന സ്ഥലമായിരുന്നു. പഴയ തുറമുഖാവശിഷ്ടങ്ങള്‍ അടുത്തിടെ ഖനനത്തില്‍ കണ്ടെത്തിയിരുന്നു. പഴയ മണ്‍പാത്രങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: