പത്തനംതിട്ട: റാന്നി ചെമ്പന്മുടിയിലെ പാറ ഖനനത്തിനെതിരേ സമരം ചെയ്തനാട്ടുകാരെ അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊച്ചുകുട്ടിയോട് ക്രൂരതകാട്ടിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സമരത്തിനിടെ അറസ്റ്റിലായ ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസുകാരിയോടു പൊലീസ് സ്റ്റേഷനില്‍ ക്രൂരത കാട്ടിയ സംഭവത്തിലാണ് റാന്നി സിഐ ന്യൂമാനെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. എഡിജിപി സന്ധ്യയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം പാറമടയ്ക്കെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. നാറാണംമൂഴിയിലെ മാത്യുവും ഭാര്യ റീനയും രണ്ടരവയസുകാരിയായ മകള്‍ ബെല്ലാ റോസിയ്ക്കൊപ്പമാണ് അറസ്റ്റ് വരിച്ചത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെത്തിയ സമരക്കാര്‍ മണിക്കൂറുകളോളം കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. മാത്യു സ്റ്റേഷനു പുറത്തും അമ്മ റീന അകത്തുമായിരുന്നു. പൊലീസ് സ്റ്റേഷനകത്തേക്കുള്ള ഗ്രില്ല് വാതില്‍ പൊലീസുകാര്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഭക്ഷണം നല്‍കാനായി മാത്യു, ബെല്ലാ റോസിയെ അമ്മയുടെ അടുക്കലേക്കു വിട്ടപ്പോള്‍ വനിതാ പൊലീസും മറ്റൊരു പൊലീസുകാരനും സഹായത്തിനെത്തിയിരുന്നു. ഇതിനിടെ സിഐ എത്തി കുട്ടിയെ തടഞ്ഞ് കൈക്കു പിടിച്ച് വലിച്ച് പുറത്തേക്കു വിട്ട് ഗ്രില്ലടച്ചു. കുട്ടി ഭയന്നു നിലവിളിക്കുകയും ചെയ്തു. ഇതു കണ്ട് സമരക്കാര്‍ ക്ഷുഭിതരായി. സി.െഎയുമായി സ്റ്റേഷനില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. സംഭവം ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധുക്കള്‍ ഡി.ജി.പിക്കും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതി വസ്തുതാ വിരുദ്ധമാണെന്നാണ് സിഐയുടെ നിലപാട്. കുട്ടിയെ ആദ്യം സ്റ്റേഷനകത്തേക്കു തള്ളിവിട്ട ശേഷം രക്ഷിതാക്കള്‍ പുറത്തിരുന്നു. പൊലീസുകാര്‍ കുട്ടിയെ പിന്നീട് സ്റ്റേഷനു പുറത്ത് രക്ഷിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് സ്റ്റേഷനകത്ത് പ്രവേശിക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടിയെ വീണ്ടും അകത്തേക്ക് കയറ്റാനുള്ള ശ്രമത്തെയാണ് തടഞ്ഞതെന്നുമാണ് സിഐയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: