കോഴഞ്ചേരി : തനിയെ താമസിക്കുന്ന വിധവയായ വീട്ടമ്മയ്ക്ക് സിപിഎം നേതാക്കളുടെ ഒത്താശയോടെ ഊരുവിലക്കെന്ന് പരാതി. മല്ലപ്പുഴശ്ശേരി, പുന്നയ്ക്കാട്, പട്ടാഴിയില്‍ പരേതനായ രാജപ്പന്റെ ഭാര്യ രാധയാണ് ദുരിത ജീവിതത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ മകന് മുഖാന്തിരം നല്കിയ പരാതികള്‍ക്കുപോലും സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ ഫലമുണ്ടായില്ല.
കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി ബന്ധുക്കളും സമീപവാസികളും ചേര്‍ന്നാണ് വീടിനും വസ്തുക്കള്‍ക്കും നേരെ അക്രമം ആരംഭിച്ചത്. പിന്നീടിത് നേരിട്ടും ഫോണ്‍ മുഖേനയും ഉള്ള ഭീഷണിയിലേക്ക് തിരിയുകയായിരുന്നു. ഇത് സംബന്ധിച്ച് ആറന്മുള പോലീസ് മുതല്‍ ഉന്നത തലം വരെ പരാതി നല്‍കിയെങ്കിലും , സിപിഎമ്മിന്റെയും നേതാക്കളുടെയും സമ്മര്‍ദ്ദത്തിന്റെ മുമ്പില്‍ ഇതൊന്നും വിലപ്പോയില്ല. വീട്ടിലേക്കുള്ള വഴി മണ്ണുമാന്തി ഉപയോഗിച്ചും കരിങ്കല്ല് ഇറക്കിയുംതടസ്സപ്പെടുത്തുന്നു. റോഡ് നിര്‍മ്മിക്കുന്നതിന് നിയമ പ്രകാരമുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും അയല്‍ക്കാര്‍ കൈയ്യേറ്റം നടത്തുകയായിരുന്നു. ഇതിനെതിരെ പത്തനംതിട്ട കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചെങ്കിലും ഇതും ഇക്കൂട്ടര്‍ വക വെച്ചില്ല. ഇതിനിടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തു മറ്റൊരാളുടേതെന്ന് ചൂണ്ടിക്കാട്ടി ആര്‍ഡിഒ യ്ക്ക് പരാതി നല്കി. അന്വേഷണത്തില്‍ ഇത് വ്യാജ പ്രമാണം ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ വിധി വന്നതോടെ സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും വിട്ട് പല തവണ നേരിട്ട് ആക്രമണത്തിന് മുതിര്‍ന്നു. പുരയിടത്തില്‍ ഉണ്ടായിരുന്ന തെങ്ങ് ആഞ്ഞിലി ഇതര വൃക്ഷങ്ങള്‍ എന്നിവ ജെസിബി ഉപയോഗിച്ച് നശിപ്പിച്ചു. അതിര് നിശ്ചയിച്ചിരുന്ന സര്‍വ്വേ കല്ലുകള്‍ ഇളക്കി മാറ്റിയതോടെ വീണ്ടും ആറന്മുള പോലീസില്‍ പരാതി നല്കി. ഇതിലും കാര്യമായ നടപടി ഉണ്ടായില്ല. ജില്ലാ സര്‍വ്വേയറുടെ ഒത്താശയോടെ സ്ഥലം വീണ്ടും അളപ്പിക്കാനും കൈയ്യേറാനും നീക്കം എതിര് കക്ഷികള്‍ നടത്തിച്ചെങ്കിലും ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. ഇതുമായി ബന്ധപ്പെട്ട് വീണ്ടും കോടതി കയറേണ്ടിയും വന്നു. ഇതില്‍ പ്രതിഷേധിച്ച് വീണ്ടും തന്റെ വീട്ടിലേക്കുള്ള വഴി കല്ലിറക്കി അടയ്ക്കുകയായിരുന്നുവെന്ന് രാധ പറയുന്നു. ആര്‍ഡിഒ യുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും വില്ലേജ് ഓഫീസറെത്തി സ്ഥലത്തിന് അതിര്‍ത്തി നിശ്ചയിച്ചു. ഇതിനെ തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനമേറ്റ താന്‍ ഒരാഴ്ചയിലധികം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും രാധാരാജപ്പന് കോഴഞ്ചേരിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വനിത സെല്ലിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും വിശദാംശങ്ങള്‍ നല്കാന് കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് വനിത കമ്മീഷനിലും പരാതി നല്കി. ഇതിനിടെ വീണാ ജോര്‍ജ്ജ് എംഎല്‍എയ്ക്കും വിശദാംശങ്ങള്കാണിച്ച് പരാതി നല്കി. ആദ്യം അനുഭാവപൂര്‍വ്വ പരിഗണിക്കാം എന്നു പറഞ്ഞെങ്കിലും പിന്നീടൊന്നും ഉണ്ടായില്ല. സിപിഎം നേതാവ് എം.എം. മണി എംഎല്‍എ യുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസും മറ്റും ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതെന്ന് രാധാരാജപ്പന് ആരോപിച്ചു. സിപിഎം പ്രാദേശിക നേതാവും എംഎല്‍എയും പ്രതികള്‍ക്ക് ഒപ്പം നില്‍ക്കുകയും സഹായിക്കുകയും ചെയ്യുന്നതിനാല്‍ തനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നിവൃത്തിയില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: