ചാലക്കുടി: നോര്‍ത്ത് ബസ്സ്റ്റാന്റ് നോക്കു കുത്തിയായെന്ന നഗരസഭ ചെയര്‍പേഴ്സന്റെ പരാമാര്‍ശം കൗണ്‍സില്‍ യോഗത്തില്‍ ഒച്ചപ്പാടിനും ബഹളത്തിനും ഇടയാക്കി. ചെയര്‍പേഴ്സന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. സംഭവത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് യു.വി. മാര്‍ട്ടിനും ഇടപെട്ടതോടെ യോഗത്തില്‍ ‘എടാ പോടോ’ വിളികളും വ്യക്തിപരമായ പരാമര്‍ശവും വരെയായി. ഭരണപക്ഷത്തെ വി.സി.ഗണേശന്,വി.ജെ.ജോജി,ജിജന് മത്തായി തുടങ്ങിയവരും പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങളും സീറ്റില്‍ നിന്നിറങ്ങി നടുതളത്തിലെത്തി. അംഗങ്ങളെ ശാന്തരാക്കുന്നതിന് വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍, പി.എം.ശ്രീധരന്, കെ.എം.ഹരിനാരായണനും രംഗത്തെതി. തുടര്‍ന്ന് സംസാരിച്ച പി.എം.ശ്രീധരന് കൗണ്‍സില്‍ യോഗത്തില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കൗണ്‍സില്‍ നിര്‍മ്മിച്ച നോര്‍ത്ത് ബസ് സ്റ്റാന്റില്‍ നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ചെയര്‍പേഴ്സണ്‍ ബസ് സ്റ്റാന്റിനെ നോക്കുകുത്തിയെന്ന് വിളിച്ചതും യോഗം കൈയാങ്കളിയിലേക്ക് നീങ്ങിയതും. ഡി സിനിമാസ് തീയേറ്ററിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ ആരോപണം ഉന്നയിച്ചു. ഇവിടെ നടക്കുന്ന ദേഹപരിശോധന, കുടിവെള്ളം, ശീതളപാനീയങ്ങള്‍, ലഘു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവക്കെല്ലാം അമിത ചാര്‍ജ്ജ് ഈടാക്കുന്നതായും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.വി.പോള്‍,ജീജന് മത്തായി, വി.ഒ.പൈലപ്പന്, തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ഡി സിനമാസ് വിഷയത്തില്‍ വി.ഒ.പൈലപ്പന് തീയേറ്ററിനെ ന്യായീകരിച്ച് സംസാരിച്ചപ്പോള്‍ പ്രതിപക്ഷത്തെ തന്നെ കെ.വി.പോള്‍ നികുതി തരുന്നുണ്ടെന്ന് വെച്ച് അവര്‍ കാണിക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുവാനാകില്ലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് വൈസ് ചെയര്മാന് അറിയിച്ചു. താലൂക്ക് ഓഫീസ് കെട്ടിടത്തിലെ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന ലിഫ്റ്റിന്റെ പ്രവര്‍ത്തനത്തിനായി ജനറേറ്റര്‍ വാങ്ങുന്നതിനും രണ്ട് നിലകളിലെക്ക് ജനങ്ങള്‍ക്ക് പോകുവാന്‍ സൗകര്യം ഒരുക്കാമെന്നും ഇതിന്റെ പ്രവര്‍ത്തനം സപ്തംബര്‍ അഞ്ചിന് ആരംഭിക്കുമെന്നും ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് അിറയിച്ചു. ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ റൊമാരിയ ജോണ്സണ്, ഷൂട്ടിംങ്ങില്‍ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഖില്‍ സുദര്‍ശ്, ആദര്‍ശ് സുദര്‍ശ്, കളഞ്ഞു കിട്ടിയ ഒരു പവന് സ്വര്‍ണ്ണമോതിരം ഉടമക്ക് തിരികെ നല്കിയ ശുചീകരണ വിഭാഗത്തിലെ തൊഴിലാളി ബീന എന്നിവരെ കൗണ്‍സില്‍ യോഗത്തില്‍ ആദരിച്ചു.ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് യോഗത്തില്‍ അദ്ധ്യഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: