കാസര്‍കോട്: ഡിസിസി ജനറല്‍ സെക്രട്ടറി വിദ്യാസഗര്‍ മദ്യപിച്ച് ഓടിച്ച കാറ് തട്ടി പ്ലസ്ടു വിദ്യാര്‍ത്ഥി പ്രശാന്ത് മരിക്കാനിടയായ സംഭവത്തില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. മദ്യത്തിനെതിരെ പ്രസംഗിച്ച് നടക്കുന്ന വി.എം.സുധീരന്റെ പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹി ഓടിച്ച കാറാണ് ഒരു കുടുംബത്തിന്റെ തന്നെ അത്താണിയായ കുട്ടിയുടെ മരണത്തിനും മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയത്. മദ്യത്തിനെതിരായി കോണ്‍ഗ്രസ്സ് നടത്തുന്ന സമരങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം.
വിദ്യാസാഗറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമോയെന്ന കാര്യത്തില്‍ കെപിസിസി നേതൃത്വ നിലപാടി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ മത്സ്യഫെഡ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അടിയന്തരമായി വിദ്യാസാഗറിനെ നീക്കം ചെയ്യണം. കാറിടിച്ച് കുട്ടികള്‍ക്ക് പരിക്കേറ്റ സമയത്ത് അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ പ്രതിയായ വിദ്യാസാഗറിനെ രക്ഷപ്പെടാനും ഒളിവില്‍ പോകാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ച പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കണം. അപകടത്തില്‍പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനല്ല കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചത്. പകരം വിദ്യാസാഗറിനെ രക്ഷിക്കാനാണ്. മദ്യത്തിനെതിരെ പറയുകയും പിന്നില്‍ നിന്ന് മദ്യപിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ജനങ്ങളെ മദ്യത്തിന്റെ പേര് പറഞ്ഞ് വിഢികളാക്കുകയാണ് ചെയ്യുന്നത്. പ്രശാന്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും അപകടത്തില്‍ പെട്ടവ മറ്റുള്ളവരുടെ മുഴുവന്‍ ചികിത്സയും വഹിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: