ബേക്കല്‍: മദ്യപിച്ച് ഓടിച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയിലൂടെ നടന്ന പോകുകയായിരുന്നു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഓരാള് മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി തൃക്കണ്ണാട്ടെ വി.ആര് വിദ്യാസാഗറാ (52)ണ് ഇന്നലെ ഉച്ചയോടെ പാറക്കട്ടയിലെ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. വിദ്യാസാഗറിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തതായി കേസന്വേഷിക്കുന്ന ബേക്കല്‍ സി.ഐ വിശ്വംഭരന് വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മലാംകുന്ന് ഗവ. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ബേക്കല്‍ തമ്പുരാന് വളപ്പിലെ പ്രഭാകരന്റെ മകന് പ്രശാന്ത് (16) വിദ്യാസാഗര്‍ ഓടിച്ച കാറിടിച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠികളായ മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ വിജയിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് വിദ്യാസാഗറിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും കെഎസ്ടിപി റോഡിലെ നിരന്തരമായുണ്ടാകുന്ന അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെ രാവിലെ മുതല്‍ ഉച്ച വരെ ബേക്കലിനും പാലക്കുന്നിനുമിടയില്‍ തീരദേശ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.
ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയാണ് മരിച്ച പ്രശാന്ത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന സഹോദരന് പുരുഷോത്തമന് മരുന്ന് വാങ്ങാനും കുടുംബം പുലര്‍ത്താനുമായി പ്രശാന്ത് ഹോട്ടല്‍ ജോലി ചെയ്താണ് പഠനം നടത്തിയിരുന്നത്. മികച്ച ഫുട്ബോള്‍ കളിക്കാരന് കൂടിയായിരുന്നു പ്രശാന്ത്. സ്കൂളിനുവേണ്ടി ജില്ല തലമത്സരങ്ങളില്‍ ബൂട്ട് അണിഞ്ഞിട്ടുണ്ട്. പ്രശാന്തിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ബേക്കല്‍ ഇപ്പോഴും മുക്തമായിട്ടില്ല. കളിച്ച് ചിരിച്ച് ഒന്നിച്ച് നടന്നിരുന്ന കൂട്ടുകാരന് വിട്ട് പോയിയെന്നത് ഉള്ക്കോള്ളാന് സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: