പേരാമ്പ്ര: മാതൃഭാഷയിലൂന്നിയ പഠനത്തിലൂടെ മാത്രമേ ജീവിത മൂല്യങ്ങള്‍ പകരാന്‍ കഴിയൂ എന്ന് മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു.
മാനവികതയും സംസ്‌കാരവും കുട്ടികളില്‍ സൃഷ്ടിക്കാന്‍ ക്ലാസിക് കൃതികള്‍ വായിക്കുന്നതിലൂടെ സാധിക്കുമെന്നും പഠനം മൂല്യബോധവും മാനവികതയും വളര്‍ത്തുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.
സിലബസിനു പുറത്ത് നിന്നും കുട്ടികള്‍ക്ക് അറിവിന്റെ ലോകം തുറക്കാന്‍ അധ്യാപകര്‍ മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജില്ല വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ വി.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
നേരനുഭവങ്ങള്‍ ക്ലാസ് റൂം പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപ ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലെ വിദ്യാരംഗം കണ്‍വീനര്‍മാര്‍ പങ്കെടുത്ത ശില്പശാല നടന്നത്. കെ.കെ. ഷാജി, പി. അച്യുതന്‍, പി.എന്‍. പ്രീത, ജിതേഷ്, പ്രേമലത, വി.കെ. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















