കല്‍പ്പറ്റ : കേരളത്തെ 2017 മാര്‍ച്ച് 15ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കാത്ത വീടുകളുടെ കണക്കെടുക്കുന്നു. വൈദ്യുതി വകുപ്പ് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കേണ്ട വീടുകളുടെ കരട് ലിസ്റ്റ് സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അന്തിമ ലിസ്റ്റ് സെപ്തംബര്‍ 20നും പ്രസിദ്ധീകരിക്കും. പദ്ധതി വിജയിപ്പിക്കുന്നതിനായി നിയോജക മണ്ഡലം തലങ്ങളില്‍ എം.എല്‍.എ. മാരുടെ അദ്ധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. പഞ്ചായത്ത് മുനിസിപ്പാലിറ്റി തലങ്ങളില്‍ നടത്തിപ്പ് കമ്മിറ്റിയും രൂപീകരിക്കും.
ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനുള്ള പഴുതുകള്‍ അനേ്വഷിക്കാതെ അവരെ ഏതു വിധേനയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് ഉദേ്യാഗസ്ഥര്‍ ശ്രമിക്കേണ്ടതെന്ന് കളക്ടറേറ്റില്‍ നടന്ന പദ്ധതി ആലോചനാ യോഗത്തില്‍ വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍ പറഞ്ഞു. വീട്ട് നമ്പര്‍ ഇല്ലെന്ന് പറഞ്ഞ് ആരുടെയും അപേക്ഷ നിരസിക്കരുത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ നിയമ-സാങ്കേതിക തടസങ്ങളുള്ള സ്ഥലമാണെങ്കില്‍ സൗരോര്‍ജ്ജ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനകം തന്നെ 10951 പേര് ജില്ലയില്‍ വൈദ്യുതീകരണത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്നവരെ കണ്ടെത്താനും രജിസ്റ്റര്‍ ചെയ്യിക്കാനും സന്നദ്ധ-സാമൂഹ്യ സംഘടനകളുടെ പൂര്‍ണ്ണ സഹകരണം വേണമെന്ന് ഡോ.വി.ശിവദാസന്‍ പറഞ്ഞു.
ഭൂവിസ്തൃതിയുടെ 40 ശതമാനം വനപ്രദേശങ്ങളായ ജില്ലയില്‍ ലൈന്‍ വലിക്കുന്നതിന് വനംവകുപ്പ് ഉന്നയിക്കുന്ന തടസ്സങ്ങള്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സി.കെ.ശശീന്ദ്രന് എം.എല്‍.എ. അറിയിച്ചു. ചില ആദിവാസി കോളനികളില്‍ നേരത്തെ വൈദ്യുതീകരണം നടത്തി കണക്ഷന് ലഭിച്ചുവെങ്കിലും മാസവാടക അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട അവസ്ഥയുണ്ട്. പട്ടിക ജാതി-വര്‍ഗ്ഗ വകുപ്പില്‍ നിന്ന് തുക കണ്ടെത്തിയോ മറ്റ് പരിഹാര നടപടികളിലൂടെയോ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപടിയുണ്ടാവണം. ത്രിതല പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധ-സാമൂഹ്യ സംഘടനകളുടെയും ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി സമ്പൂര്‍ണ്ണ വിജമാക്കണമെന്ന് ഒ.ആര്.കേളു എം.എല്‍.എ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: