കാഞ്ഞങ്ങാട്: പാതയോരത്തെ റവന്യു ഭൂമിയില്‍ മാടക്കട നിര്‍മിച്ച് വാടകക്ക് നല്‍കുന്നത് പുതിയ വ്യവസായമാകുന്നു. മലയോരത്താണ് പുതിയ അനധികൃത വ്യവസായം വ്യാപകമായിരിക്കുന്നത്. ഓലകൊണ്ട് നിര്‍മിച്ചതും, മേല്‍ക്കൂര ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് നിര്‍മിച്ചതുമായ ചെറുതും വലുതുമായ ഒറ്റമുറി കടകളാണ് റവന്യുഭൂമിയില്‍ നിര്‍മിച്ച ശേഷം ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയോ, പ്രതിദിന വാടകക്ക് നല്‍കുകയോ ചെയ്യുന്നത്. പാവപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗമായി കരുതുന്ന മാടക്കടയുടെ മറവില്‍ നടക്കുന്ന അനധികൃത ധനസമ്പാദനം അധികൃതരും അറിയുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നല്കുന്ന പെട്ടിക്കടകളും ഇത്തരത്തില്‍ വാടക്ക് നല്‍കുന്നതായി ആക്ഷേപമുണ്ട്.
ചുള്ളിക്കര, പൂടംകല്ല് സ്ഥലങ്ങളുള്‍പ്പെടെയുള്ള മലയോര പ്രദേശത്തെ പ്രധാന ടൗണുകളിലാണ് അധികൃതരറിയാത്ത വ്യാപാരം നടക്കുന്നത്. പഞ്ചായത്തിലേക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് രൂപയുടെ നികുതിപ്പണമാണ് ഇതുമൂലം നഷ്ടമാകുന്നത്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണ് ഇത്തരം വ്യാപാരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരും വികലാംഗരുമായ അള്‍ക്കാരാണ് ദിവസവാടകക്ക് വാങ്ങുന്ന ഇത്തരം കടകളില്‍ കച്ചവടം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അന്വേഷണവും നടപടിയുമുണ്ടാകില്ലെന്നതാണ് അനധികൃത വ്യാപാരത്തിന് പിന്നിലെ രഹസ്യം.
കഞ്ഞി, ചായ വ്യാപാരമാണ് മാടക്കടകളില്‍ നടക്കുന്നത്. വാടകക്ക് എടുക്കുന്നതും പാവപ്പെട്ട ദുരിതമനുഭവിക്കുന്നവരാണ്. നിത്യേന നൂറ് രൂപയാണ് ചുള്ളിക്കരയിലെ ഒരു കടക്ക് നടത്തിപ്പുകാരോട് വാടക ഈടാക്കുന്നത്. മാവുങ്കാല്‍-പാണത്തൂര്‍ ദേശീയ പാതയോരത്ത് മാവുങ്കാല്‍ മുതല്‍ പാണത്തൂര്‍ വരെ നിരവധി കടകളാണ് റവന്യു ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന കഞ്ഞിപ്പീടികകള്ക്കും ചായപ്പീടികള്ക്കും യാതൊരുവിധ നികുതികളും പഞ്ചായത്ത് അധികൃതര്‍ ഈടാക്കുന്നില്ല. നിരവധി കോഴിയിറച്ചി വില്‍പ്പന കേന്ദ്രങ്ങളും നിയമ വിധേയമായും അല്ലാതെയും പ്രവര്‍ത്തിക്കുന്നു. നേരായ വഴിക്ക് പഞ്ചായത്ത് നികുതി നല്കി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമീപമാണ് നികുതി നല്‍കാതെ അധികൃതരെ വഞ്ചിച്ചുകൊണ്ടുള്ള വ്യാപാരം. കൃത്യമായ വിവരമില്ലാത്തതുകൊണ്ട് തന്നെ മര്‍ച്ചന്റ്സ് അസോസിയേഷനും ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. റവന്യുഭൂമിയിലെ അനധികൃത നിര്‍മിതികളെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: