കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നത് നിത്യസംഭവമാകുന്നു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഓച്ചിറ, കുലശേഖരപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പതാകകളും കൊടിതോരണങ്ങളും നശിപ്പിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ കോഴിക്കോട് ഭാഗത്ത് കൊടികള്‍ നശിപ്പിച്ച മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞദിവസം കുലശേഖരപുരം ആലോചന മുക്കിന് വടക്കുവശത്ത് സ്ഥാപിച്ചിരുന്ന കൊടികള്‍ കത്തിച്ച നിലയിലും ഒടിച്ച് നിലത്തിട്ട നിലയിലുമാണ് കണ്ടത്. സ്ഥലത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും ഇവിടങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അടിക്കടി ഉണ്ടാകുന്ന മുന്നേറ്റത്തിന് തടയിടാനുമുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് രാത്രിയുടെ മറവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതെന്നും ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും രാഷ്‌ട്രീയ സ്വയംസേവകസംഘം ആദിനാട് മണ്ഡല്‍ കാര്യകാരി ആവശ്യപ്പെട്ടു.
















