പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍ പൂങ്കാവനം ലക്ഷംവീട് കോളനിയിലെ വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍. കോളനിയിലെ വീടുകളുടെ ദുരവവസ്ഥയെ കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ‘ജന്മഭൂമി ‘നല്കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സംസ്ഥാന സര്‍ക്കാറിനു കീഴില്‍ നിര്‍മിച്ച വീടുകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്തതാണ് കോളനിയിലെ നിലവിലെ അവസ്ഥക്ക് കാരണം. അറ്റകുറ്റപ്പണിക്കു പകരം പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതാവും ഉചിതമെന്നാണ് വിലയിരുത്തല്‍. ഇതിനായുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും, ഇക്കാര്യം ഉള്‍പ്പെടുത്തി എംഎല്‍എക്കും എംപിക്കും നിവേദനം നല്‍കുമെന്നും കോളനി ഉള്‍പ്പെടുന്ന തെക്കന്‍മല വാര്‍ഡിലെ മെമ്പര്‍ കൂടിയായ പ്രസിഡന്റ് പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച കോളനിയിലെ വീടുകളെല്ലാം കാലപ്പഴക്കത്താല്‍ അപകടഭീഷണിയിലാണ്. മിക്ക വീടുകളുടെയും മുന്‍ഭാഗത്തെ കഴുക്കോലും പട്ടികയും ദ്രവിച്ച് നശിച്ചു. ജനാലകളും വാതിലുകളും നിലംപൊത്തി. ബാക്കിയുള്ള ഭാഗവും ഏതുസമയത്തും തകര്‍ന്നു വീഴുമെന്നതിനാല്‍ ജീവന് പണയം വെച്ചാണ് കോളനിവാസികള്‍ ഇവിടങ്ങളില്‍ കഴിയുന്നത്. നേരത്തെ, പാതിപൊളിഞ്ഞ വീട്ടില്‍ താമസിക്കാനാകാതെ മറ്റൊരു കുടുംബം ഇവിടെ നിന്നും താമസം മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: