പരപ്പനങ്ങാടി: ശശി വാട്ടര്‍ എന്ന പേരിലുള്ള പ്രത്യേക പാനീയം വിദ്യാലയ പരിസരങ്ങളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. സ്കൂള്‍ പരിസരങ്ങളിലുളള കടകളുടെ ചുറ്റും റബ്ബര്‍ ബാന്‍ഡ് കൊണ്ട് കൂട്ടികെട്ടിയ ചെറിയ പ്ലാസ്റ്റിക് കവറുകള്‍ നിറഞ്ഞപ്പോഴാണ് രക്ഷിതാക്കളും നാട്ടുകാരും ഈ പാനീയത്തെ കുറിച്ചറിയുന്നത്.
കാരറ്റ്, ചെറി, ബീറ്റ്റൂട്ട്, ഓറഞ്ച് ഫ്ളേവറുകളില്‍ ഈ പാനീയം ലഭ്യമാണ്. കൃത്രിമ വിനാഗിരിയില്‍ ഉപ്പും പഞ്ചസാരയും മേല്‍പ്പറഞ്ഞ വ്യത്യസ്ത ഫ്ളേവറുകളും ചേര്‍ത്താണ് ഈ പാനീയം വില്‍പ്പനക്കെത്തുന്നത്. നിര്‍മ്മാതാക്കളുടെ പേരോ മറ്റു യാതൊരു വിവരങ്ങളുമില്ലാതെയാണ് ഈ അഞ്ചു രൂപ വിലയുള്ള പാനീയം വിദ്യാര്ത്ഥികളിലേക്കെത്തുന്നത് എരിവും പുളിയും മധുരവും ഒരു പോലെയുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രിയതരമാകുകയാണ്.
കടകളിലെ റഫ്രിജറേറ്റുകളില് വെച്ചു തണുപ്പിച്ച് ശശി വാട്ടര്‍, ശശി ഐസായും വില്‍ക്കുന്നുണ്ട്. ഇത്തരം കൃത്രിമ പാനീയങ്ങളുടെ നിരന്തര ഉപയോഗം നാവിലെ രസമുകുളങ്ങളെ വരെ നശിപ്പിക്കുകയും കിഡ്നി, കരള്‍ സംബന്ധമായ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും എന്നാണ് വിദഗ്ദര്‍ പറയുന്നത്. പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ മാത്രം പതിനെട്ടോളം വിദ്യാര്‍ത്ഥികള്‍ കിഡ്നി-കരള്‍ രോഗബാധിതരായി ചികില്‍സയിലാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ശശി വാട്ടറിനെ കൂടാതെ ബഹുവര്ണങ്ങളില് നിറച്ചെത്തുന്ന പത്തു രൂപാ പാനീയങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണുയര്‍ത്തുന്നത്. മധുര പാനീയങ്ങളൊഴിഞ്ഞ ബോട്ടിലുകളും പാതയോരങ്ങളില്‍ വലിയ രീതിയില്‍ മാലിന്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൃത്രിമ പാനീയങ്ങളുടെ അനിയന്ത്രിത ഉപയോഗം ബന്ധപ്പെട്ട അധികൃതര്‍ തടഞ്ഞില്ലെങ്കില്‍ രോഗബാധിതമായ ഒരു വിദ്യാര്‍ത്ഥി സമൂഹമാകും നാളെ നമുക്കു മുന്നിലുണ്ടാവുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: