തൃശൂര്‍: മാളയിലും തിരുവില്വാമലയിലും കുട്ടികളെ കടിച്ചത് പേപ്പട്ടികളാണെന്ന് സ്ഥിരീകരിച്ചു. മാള പൊയ്യയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് പേവിഷബാധയുള്ള പട്ടിയാണെന്നും സ്ഥിരീകരിച്ചു. വെറ്റിനറി സര്‍വകലാശാലയില്‍ നടന്ന പരിശോധനയിലാണ് പട്ടികള്‍ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക്ശേഷം സ്കൂളില്‍ നിന്നും മടങ്ങിവരുന്ന വിദ്യാര്‍ത്ഥികളേയും മറ്റൊരാളേയും പേപ്പട്ടി കടിച്ചത്. മുഖത്തും ശരീരത്തും സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. മാളമേഖലയില് തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമാണ്. ഇവയെ കൊല്ലുവാനുള്ള നടപടികളെക്കുറിച്ച് ആലോചനയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എം.രാധാകൃഷ്ണന് വ്യക്തമാക്കി. കുട്ടികളുടെ ചികിത്സക്കാവശ്യമായ ചിലവ് വഹിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വി.ആര്.സുനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു.
ഇതിനിടെ മെഡിക്കല്‍കോളേജ് പരിസരത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ പിടികൂടി. കാമ്പസ്സിലും പരിസരത്തും ഭീതിപടര്‍ത്തിയ തെരുവ് നായക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്. തെരുവുനായ കടിച്ചാല്‍ ചികിത്സ തേടിയെത്തേണ്ട തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്തു വിലസുന്ന ഇവയെ പിടികൂടുന്നതിനായി നാട്ടുകാര്‍ പണംമുടക്കി നായപിടുത്തക്കാരെ രംഗത്തിറക്കിയതും, തെരുവ് നായ്ക്കളെ കൊല്ലരുതെന്ന ആവശ്യവുമായി ഒരു യുവതിയും അവര്‍ക്ക് പിന്തുണയുമായെത്തിയ മെഡിക്കല്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികളെയും നാട്ടുകാര്‍ വളഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഒടുവില്‍ പോലീസെത്തിയാണ് പ്രശ്നം താല്‍ക്കാലികമായി ഒതുക്കിയത്. മെഡിക്കല്‍ കോളേജ് കാമ്പസ്സിലും സമീപപ്രദേശങ്ങളിലും നൂറുകണക്കിന് തെരുവ് നായ്ക്കളാണ് ഭീഷണി ഉയര്‍ത്തുന്നത്. മെഡിക്കല്‍ കോളേജ് കാമ്പസ്സ്, ചൂലിശ്ശേരി, പെരിങ്ങണ്ടൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ തെരുവ് നായയുടെ ശല്യത്തെ നേരിടുന്നതിന് നാട്ടുകാര്‍ സംഘടിതമായി രംഗത്തിറങ്ങി. കാല്‍നടയാത്രക്കാര്‍ മാത്രമല്ല വീടുകള്ക്കുള്ളിലുള്ളവരെ വരെ ഇവുയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യവകുപ്പിനും പരാതികളും നിവേദനങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും നടപടികൊളുന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സ്വന്തം ചിലവില്‍ ഇവയെ പിടികൂടുന്നതിനായി നായപിടുത്തക്കാരെ രംഗത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: